മൃദുലം മധുരം... മൃദുല വാര്യർ

മൃദുല വാരിയർ കെ.എസ്. ചിത്രക്കൊപ്പം
മൃദുല വാരിയർ കെ.എസ്. ചിത്രക്കൊപ്പം

പേര് അന്വർത്ഥമാക്കുംവിധം മൃദുലമായ സ്വരവുമായി മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് കടന്നുവന്ന ഗായിക. കോഴിക്കോടിന്റെ മണ്ണിൽ പിച്ചവെച്ച് സ്വരസ്ഥാനങ്ങൾ ഹൃദിസ്ഥമാക്കി വടക്കുംനാഥന്റെ മണ്ണിലേക്കു ചേക്കേറിയ മൃദുല വാരിയർ. കുട്ടിക്കാലംതൊട്ടേ സംഗീതത്തെ കൂട്ടുപിടിച്ചു നടന്ന ഒരു വാരിയത്തി പെൺകുട്ടി ഇന്നെത്തി നിൽക്കുന്നത് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായിക പുരസ്‌കാര നിറവിൽ. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മയിൽപീലി ഇളകുന്നു കണ്ണാ... എന്ന ഗാനം പാടിയതു വഴിയാണ് മൃദുലക്ക് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
മെലഡിയും ക്ലാസിക്കലും അടിപൊളി പാട്ടുകളുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായികയായി മാറിയിരിക്കുകയാണ് മൃദുലയിപ്പോൾ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ആ സ്വരസാന്നിധ്യം നിറഞ്ഞുനിൽക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിക്കായാണ് എം.ജി. ശ്രീകുമാറിനൊപ്പം മൃദുല കോഴിക്കോട്ടെത്തിയത്. അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലുപരി സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ആരംഭിച്ചതിന്റെ സന്തോഷം കൂടിയുണ്ടായിരുന്നു ആ മുഖത്ത്. സംഗീത ലോകത്തെ പുതിയ വിശേഷങ്ങൾ മലയാളം ന്യൂസിനായി പങ്കുെവക്കുകയായിരുന്നു മൃദുല വാരിയർ.

?സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് വീണ്ടും അർഹയായിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരം ആദ്യമായാണ് ലഭിക്കുന്നത്. 2013 ൽ ബ്ലസി സാർ സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലെ ലാലീ... ലാലീ... എന്ന ഗാനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ സ്‌പെഷ്യൽ അവാർഡിന് അർഹയായിരുന്നു. പാട്ടിന്റെ വഴിയിൽ എനിക്ക് ബ്രേക്കായത് ആ ഗാനമായിരുന്നു. പത്തു വർഷം കഴിഞ്ഞാണ് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. കോഴിക്കോട്ടുനിന്നും തൃശൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് അവാർഡ് വിവരമറിയുന്നത്. അസുഖബാധിതയായി കോഴിക്കോട്ട്  ആശുപത്രിയിലായിരുന്ന അമ്മയെ ഡിസ്ചാർജ് ചെയ്ത ദിവസമായിരുന്നു ഈ അംഗീകാരം ലഭിച്ചത്. കൂടെ ആരുമില്ലാതിരുന്നതുകൊണ്ട് സന്തോഷം പങ്കിടാനും കഴിഞ്ഞില്ല. അമ്മയെ വിളിച്ച് വിവരം പറഞ്ഞപ്പോൾ ഒരു കരച്ചിലായിരുന്നു കേട്ടത്. അച്ഛഛനും അമ്മയും ഏറെ ആഗ്രഹിച്ച ഒരു അംഗീകാരമായിരുന്നു ഇത്. ഈ അംഗീകാരത്തിന് എന്നേക്കാൾ അർഹതയുള്ളത് സംഗീത സംവിധായകൻ ജയചന്ദ്രൻ സാറിനാണ്. കാരണം ഇത്രയും ബുദ്ധിമുട്ടുള്ള ഒരു ഗാനം എന്നെ വിശ്വസിച്ച് ഏൽപിച്ചതിന് അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. സിനിമ  പാരമ്പര്യമൊന്നുമില്ലാത്ത ഒരു കുടംബത്തിൽനിന്നുമെത്തി സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികക്കുള്ള അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.

?എങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ മയിൽപീലി എന്ന പാട്ടു പാടാൻ ക്ഷണിച്ചത് സംഗീത സംവിധായകൻ ജയചന്ദ്രൻ സാറായിരുന്നു. അദ്ദേഹം പാട്ടിന്റെ ട്രാക്ക് അയച്ചുതന്നു. ഒരു പെപ്പി ഡാൻസ് നമ്പറാണ് ഈ പാട്ട്. മാത്രമല്ല, വളരെയധികം ജതികളും സ്വരങ്ങളുമെല്ലാമുള്ള ഒരു സെമിക്ലാസിക്കൽ പാട്ടു കൂടിയായിരുന്നു അത്. തുടക്കത്തിൽ പാടാൻ അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും ശ്രമിച്ചു നോക്കാമെന്നു കരുതിയാണ് റെക്കോർഡിംഗിനെത്തിയത്. എന്നാൽ എത്ര പാടിയിട്ടും യഥാർഥ ഫീൽ ലഭിക്കുന്നില്ല. അതോടെ ഈ പാട്ട് എനിക്ക് പാടി ഫലിപ്പിക്കാൻ കഴിയുമോ എന്ന ചിന്തയായി. ജയചന്ദ്രൻ സാറിന്റെ വിലപിടിച്ച സമയം എനിക്കു വേണ്ടി പാഴാവുകയാണോ എന്ന തോന്നൽ. സംഭവം അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചു. ഈ പാട്ടിൽ നിന്നും ഞാൻ പിന്മാറുകയാണെന്നു പറഞ്ഞു. എന്റെ വാക്കുകൾ കേട്ട് അൽപസമയം അദ്ദേഹം മിണ്ടാതിരുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. മൃദൂന്റെ ടാലന്റിൽ എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഈ പാട്ട് പാടാൻ വിളിച്ചത്. ഇത്തരത്തിൽ പിറകോട്ടു മാറി പിന്നീട് വിജയം കണ്ടെത്തിയ നിരവധി പേരുടെ കഥകൾ പറഞ്ഞ് എന്റെ മനസ്സിൽ ആത്മവിശ്വാസം നിറയ്ക്കുകയായിരുന്നു അദ്ദേഹം. തുടർന്നാണ് ഈ പാട്ട് വീണ്ടും പാടിയത്. അപ്പോൾ സംഗതി ഓകെയുമായി. എന്നാൽ അവാർഡ് ലഭിക്കുമെന്നൊന്നും അന്നു കരുതിയിരുന്നില്ല. അവാർഡ് ലഭിച്ചതറിഞ്ഞ് എന്നേക്കാൾ സന്തോഷം ജയചന്ദ്രൻ സാറിനായിരുന്നു.

?സംഗീത രംഗത്തേക്കുള്ള കടന്നുവരവ്.
കുട്ടിക്കാലത്ത് ഏട്ടൻ ജയ്ദീപ് പാട്ട് പാടുന്നതു കേട്ടാണ് സംഗീതത്തോട് താൽപര്യം തോന്നിത്തുടങ്ങിയത്. പാലാ സി.കെ. രാമചന്ദ്രനും കാവുംവട്ടം വാസുദേവനുമായിരുന്നു ഗുരുക്കന്മാർ. തൊടുപുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നൊന്നും സിനിമ മോഹമുണ്ടായിരുന്നില്ല. സംഗീത ലോകത്ത് വഴിത്തിരിവായത് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ്. അവിടെ വിധികർത്താക്കളായെത്തിയ സംഗീതജ്ഞരും പ്രേക്ഷകരിൽനിന്നുള്ള പ്രോത്സാഹനവുമാണ് സംഗീത വഴിയിൽ നിലനിർത്തിയത്. മുക്കം കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിൽ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ ബി.ടെക് വിദ്യാർഥിയായിരിക്കേയാണ് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. റിയാലിറ്റി ഷോയിലെ ജഡ്ജിയായിരുന്ന അൽഫോൺസ് സാറാണ് ബിഗ് ബിയിലെ ഒരു വാക്കും മിണ്ടാതെ... എന്ന ഗാനം ആലപിക്കാൻ അവസരം ഒരുക്കിയത്. ശരത് സാറിന്റെ സംഗീത സംവിധാനത്തിൽ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ മറിമായൻ കവിയല്ലേ... എന്ന പാട്ട് കേട്ടാണ് ജയചന്ദ്രൻ സാർ വിളിച്ചത്. 916 ലെ ചെന്താമര തേനോ... എന്ന ഗാനം പാടിച്ചു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിൽ റണ്ണറപ്പായതോടെ സിനിമകളിലേക്കും ലൈവ് ഷോകളിലേക്കുമെല്ലാം ക്ഷണം ലഭിച്ചു തുടങ്ങി. അതോടെ ഉപരിപഠനത്തിനുള്ള ശ്രമം ഉപേക്ഷിച്ച് സംഗീത ലോകത്തു തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

?ഇഷ്ടപ്പെട്ട പാട്ടുകൾ.
പാടിയ പാട്ടുകളെല്ലാം ഇഷ്ടമാണ്. എങ്കിലും മനസ്സിൽ ഇപ്പോഴും തത്തിക്കളിക്കുന്ന നിരവധി പാട്ടുകളുണ്ട്. കളിമണ്ണിലെ ലാലീ... ലാലീ... എന്ന ഗാനമാണ് ആദ്യം മനസ്സിലെത്തുന്നത്. ഒ.എൻ.വി സാറിന്റെ വരികൾക്ക് ജയചന്ദ്രൻ സാർ ഈണമിട്ട പാട്ടായിരുന്നു അത്. പാടാൻ പോവുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ശബ്ദം ശരിയാകുമോ, കൂടുതൽ ടേക്ക് വേണ്ടിവരുമോ എന്നെല്ലാമുള്ള ആശങ്കകൾ. ബ്ലസി സാറിന് ഇഷ്ടപ്പെട്ടാൽ എല്ലാം ശരിയാകുമെന്നായിരുന്നു ജയചന്ദ്രൻ സാർ പറഞ്ഞിരുന്നത്. പാടിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. അംഗീകാരങ്ങളും ലഭിച്ചു.
വിശുദ്ധൻ എന്ന ചിത്രത്തിലെ ഒരു മെഴുകുതിരിയുടെ..., പട്ടം പോലെ എന്ന ചിത്രത്തിലെ മഴയേ.. തൂമഴയേ..., ഇത് പാതിരാമണലിലെ ആലോലം തേനോലും..., ഒരു കുട്ടനാടൻ ബ്ലോഗിലെ മാനത്തേ..., മിലിയിലെ മഞ്ഞ് പെയ്യുമേ....,  ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ കന്നാരംപൊത്തി..., എന്തിനെൻ പ്രണയമേ... സുന്ദരി ഗാർഡൻസിലെ മധുരം ജീവരാഗം... തുടങ്ങി നിരവധി ഗാനങ്ങളും ഏറെയിഷ്ടമാണ്. പല ഭാഷകളിലായി നൂറിലേറെ ഗാനങ്ങൾ ഇതിനകം ആലപിച്ചു കഴിഞ്ഞു. ഔസേപ്പച്ചൻ, ഗോപീ സുന്ദർ, ബിജിബാൽ, ഷാൻ റഹ്മാൻ തുടങ്ങിയ പ്രതിഭാധനരായ നിരവധി സംഗീതജ്ഞരുടെ ഗാനങ്ങൾ പാടാനുള്ള ഭാഗ്യം ലഭിച്ചു.

?മ്യൂസിക് ബാൻഡിനെക്കുറിച്ച്.
ഏറെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരു മോഹമാണ് പൂവണിഞ്ഞത്. ഇക്കഴിഞ്ഞ ഓണക്കാലത്താണ് പുതിയ ബാൻഡ് ലോഞ്ച് ചെയ്തത്. മൃദുല വാര്യർ ആന്റ് ബാന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ ആണ് ഉദ്ഘാടനം ചെയ്തത്. ഞാൻ തന്നെയാണ് പ്രധാന ഗായിക. കൂടാതെ രണ്ടു ഗായകരും ഒപ്പമുണ്ട്. സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഈ രംഗത്ത് പ്രാഗത്ഭ്യം നേടിയ നാലു പേരുമുണ്ട്.

?കുടുംബ പശ്ചാത്തലം.
അച്ഛൻ പി.വി. രാമൻകുട്ടി വാരിയർ സെയിൽസ് ടാക്‌സ് ഓഫീസറായി വിരമിച്ചു. അമ്മ വിജയലക്ഷ്മി. പാട്ടിനോടുള്ള ഇവരുടെ ഇഷ്ടമാണ് ഞങ്ങൾക്ക് പ്രചോദനമായത്. ഏട്ടൻ ജയ്ദീപ് ബംഗളൂരുവിൽ എൻജിനീയറാണ്. സ്വന്തമായി ഒരു സംഗീത ബാൻഡും അവിടെയുണ്ട്. ഏട്ടന്റെ മക്കളും സംഗീത തൽപരരാണ്. മൂത്ത മകൻ കീബോർഡ് വായിക്കും. അവനോടൊപ്പം ചേർന്നാണ് ഞാൻ കവർസോങ് ഒരുക്കുന്നത്.
എന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഭർത്താവ് അരുൺ ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അദ്ദേഹവും നന്നായി പാടും. മകൾ മാത്തു എന്ന മൈത്രേയി തൃശൂർ ദേവമാതാ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അവളും പാട്ട് പഠിക്കുന്നുണ്ട്. ഏട്ടനാണ് ഓൺലൈനിലൂടെ സംഗീതം അഭ്യസിപ്പിക്കുന്നത്. തൃശൂർ പറവട്ടാനിയിലാണ് ഇപ്പോഴത്തെ വാസം.

 

Latest News