മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലെ ഉണ്ണിമായയെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച പഞ്ചാബി സുന്ദരി പ്രാച്ചി തെഹ്ലാൻ വീണ്ടും മലയാളത്തിലേക്ക് -മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലൂടെ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ ദൽഹിയിൽ താമസിക്കുന്ന പ്രാചി. മാമാങ്കത്തിനു ശേഷം ചെറിയൊരു ഇടവേള ഉണ്ടായെങ്കിലും അടുത്ത ചിത്രം സാക്ഷാൽ ലാലേട്ടനൊപ്പമായതിൽ സന്തോഷം ഇരട്ടിച്ചു.
മമ്മൂട്ടിയോടൊപ്പം ഒരു മെഗാ പ്രോജക്ടിന്റെ ഭാഗമായി തന്നെ മലയാള സിനിമയിൽ അരങ്ങേറാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് പ്രാചി പറയുന്നു. താൻ മമ്മുക്കയുടെ ആരാധികയാണെന്നും മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് കിട്ടിയതറിഞ്ഞ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതയായും പ്രാചി പറഞ്ഞു. മമ്മൂട്ടി സാർ തന്നെയാണ് എന്റെ റോൾ മോഡൽ. നടിമാരിൽ മഞ്ജു വാര്യരെ ഇഷ്ടമാണ്.
സ്പോർട്സിൽനിന്ന് സിനിമയിലെത്തിയ താരമാണ് പ്രാചി തെഹ്ലാൻ. നെറ്റ്ബോൾ, ബാസ്കറ്റ് ബോൾ താരമായ പ്രാചി 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010, 2011 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യ വിജയിച്ചത് പ്രാചിയുടെ ക്യാപ്റ്റൻസിയിലാണ്.
2016 ജനുവരിയിൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ആരംഭിച്ച ദിയ ഔർ ബാത്തി ഹം എന്ന ടി.വി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 2017 ൽ സിനിമയിലേക്ക് ചുവടുവെച്ചു, പഞ്ചാബി സിനിമയായ അർജാനിലൂടെ. പ്രാചിയുടെ അഞ്ചാമത്തെ ചിത്രമാണ് ജെന്റിൽമാൻ രണ്ടാം ഭാഗം. ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും.






