മോഹൻലാൽ അഭിഭാഷക വേഷത്തിൽ

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ മോഹൻലാൽ അഭിഭാഷക വേഷത്തിൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഒന്നര മാസത്തോളം നേരിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ജിത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹൻലാൽ അഭിനയിക്കുന്നത്. ദൃശ്യം ഉൾപ്പെടെ കഴിഞ്ഞ മൂന്നു സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. നേരും മറ്റൊരു സൂപ്പർ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് ലാലേട്ടന്റെ ആരാധകർ. കുറ്റാന്വേഷണവും വിചാരണയും കോടതി വ്യവഹാരങ്ങളുമെല്ലാമായി സസ്‌പെൻസ് നിറഞ്ഞ ചിത്രമായിരിക്കും നേര് എന്നാണ് സൂചന. അൽപം മെലിഞ്ഞ്, കട്ടിയുള്ള താടിയും കണ്ണടയും വ്യത്യസ്ത ഹെയർസ്റ്റൈലുമായി പ്രത്യേക മേക്കോവറിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.
പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ. പ്രശാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 
ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്നാണ് തിരക്കഥ. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്. വിനായക്. കലാസംവിധാനം ബോബൻ. കോസ്റ്റ്യൂം ഡിസൈൻ ലിന്റൊ ജിത്തു. മേക്കപ് അമൽ ചന്ദ്ര. 

Latest News