റിയാദ് - ഇറ്റലിയെ രണ്ടു വര്‍ഷം മുമ്പ് യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ കോച്ച് റോബര്‍ടൊ മാഞ്ചീനിക്കു കീഴില്‍ സൗദി അറേബ്യ ഫുട്‌ബോളില്‍ പുതിയ ചുവട് വെക്കുന്നു. വലിയ സ്വപ്‌നങ്ങളുമായി റിയാദിലെത്തിയ മാഞ്ചീനിയുടെ കോച്ചിംഗില്‍ സൗദി അറേബ്യ വെള്ളിയാഴ്ച കോസ്റ്ററീക്കയെ സൗഹൃദ മത്സരത്തില്‍ നേരിടും. സൗദി ഉടമസ്ഥതയിലുള്ള ന്യൂകാസില്‍ ക്ലബ്ബിന്റെ ഇംഗ്ലണ്ടിലെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഏതാനും ദിവസത്തിനു ശേഷം യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ തെക്കന്‍ കൊറിയയുമായും ഇതേ ഗ്രൗണ്ടില്‍ സൗദി കളിക്കും.
സമീപകാലത്ത് കരീം ബെന്‍സീമ, നെയ്മാര്‍, റിയാദ് മഹ്‌റേസ് തുടങ്ങിയവര്‍ സൗദിയിലെത്തിയതാണ് വാര്‍ത്തയായതെങ്കില്‍ സൗദി പ്രതിഭകളെ മിനുക്കിയെടുക്കുകയാണ് മാഞ്ചീനിയുടെ ചുമതല. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പിച്ച ഏക ടീമായ സൗദിക്ക് പ്രതിഭകളുടെ നിറസമ്പത്തുണ്ട്. മാര്‍ച്ചില്‍ ഫ്രഞ്ച് വനിതാ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ഹെര്‍വ് റെനൊ സ്ഥാനമൊഴിഞ്ഞ ശേഷം സൗദി ടീം ഒരു മത്സരവും കളിച്ചിട്ടില്ല. ജനുവരിയിലെ ഏഷ്യന്‍ കപ്പാണ് സൗദി ടീമിന്റെ ഏറ്റവും അടുത്ത ലക്ഷ്യം. 1996 ലാണ് അവസാനം സൗദി ഏഷ്യന്‍ ചാമ്പ്യന്മാരായത്. നവംബറില്‍ ലോകകപ്പിന്റെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളും ആരംഭിക്കും.
ക്ലിന്‍സ്മാന്‍ നേരത്തെ ജര്‍മനിയുടെയും അമേരിക്കയുടെയും കോച്ചായിരുന്നു. ഫെബ്രുവരിയില്‍ കൊറിയയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം നാലു മത്സരങ്ങളിലും ടീമിന് ജയിക്കാനായിട്ടില്ല.
ജപ്പാനാണ് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീം, ലോക റാങ്കിംഗില്‍ ഇരുപതാമത്. ലോകകപ്പില്‍ അവര്‍ ജര്‍മനിയെ ഞെട്ടിച്ചിരുന്നു. ശനിയാഴ്ച അതേ ടീമുമായി അവര്‍ സൗഹൃദ മത്സരം കളിക്കും.