ക്യാപ്റ്റന് സചിന്‍ ബേബിക്കെതിരെ കേരളാ ക്രിക്കറ്റ് ടീമില്‍ രൂപം കൊണ്ട കൊടുങ്കാറ്റില്‍ അങ്ങനെ കുലുങ്ങേണ്ടെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). ക്യാപ്റ്റന് പിന്തുണ നല്‍കാന്‍ കെ.സി.എ തീരുമാനിച്ചുവെന്നാണ് സൂചന.
അഹങ്കാരിയും സ്വാര്‍ഥനും മുന്‍കോപിയും കളിക്കാരെ പരസ്പരം തല്ലിക്കുന്നവനും നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റ് തട്ടിയെടുക്കുന്നവനും തുടങ്ങി സാധ്യമായ എല്ലാ ആരോപണങ്ങളുമാണ് 15 കളിക്കാര്‍ ക്യാപ്റ്റനെതിരെ ഉന്നയിച്ചത്. ദേശീയ താരം സഞ്ജു സാംസണും പരിചയസമ്പന്നരായ റയ്ഫി വിന്‍സന്റ് ഗോമസ്, വി.എ. ജഗദീഷ് തുടങ്ങിയവരും പരാതി ഉന്നയിച്ചവരിലുണ്ട്. ഈ സാഹചര്യത്തില്‍ കളിക്കാര്‍ക്കൊപ്പം കെ.സി.എ നില്‍ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ബംഗളുരുവില്‍ നടക്കുന്ന ടൂര്‍ണമെന്റിനു ശേഷം കളിക്കാരുടെ യോഗം വിളിക്കുമെന്നാണ് കെ.സി.എ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ കളിക്കാരുടെ ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങേണ്ടെന്ന നിലപാടാണ് കെ.സി.എയിലുള്ളത്. ഓഗസ്റ്റ് ആദ്യ വാരം ചേരുന്ന യോഗത്തില്‍ സചിന്‍ ബേബിയുള്‍പ്പെടെ കളിക്കാരും സെലക്ടര്‍മാരും ടീം മാനേജറും പങ്കെടുക്കും.
സചിന്റെ നേതൃത്വത്തിലാണ് കേരളം കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതെന്നും ഇപ്പോള്‍ പൊടുന്നനെ എന്താണ് ഇങ്ങനെയൊരു കത്തിന് കാരണമെന്നുമാണ് കെ.സി.എ ചോദിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ തന്നെ എതിര്‍ ഗ്രൂപ്പ് രൂപീകരിച്ച് പരസ്യമായ ലഹള ഉണ്ടാക്കിയത് ശരിയായില്ലെന്നും കെ.സി.എ കരുതുന്നു. കേരളാ ടീമില്‍ അസ്വാരസ്യമുണ്ടായിരുന്നുവെന്നത് രഹസ്യമായിരുന്നില്ല. എന്നാല്‍ 15 കളിക്കാരുടെ പേര് വെച്ച് കെ.സി.എക്ക് കത്തെഴുതിയത് അതിന്റെ ആഴം വ്യക്തമാക്കുന്നു. സചിന്‍ ബേബിയെ ക്യാപ്റ്റനായി നിലനിര്‍ത്തി അടുത്ത സീസണില്‍ ടീമിന് മുന്നോട്ടുപോവാനാവുമോയെന്നതാണ് കെ.സി.എക്ക് മുന്നിലുള്ള പ്രധാന ചോദ്യം.
മുന്‍ കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു ഇടുക്കിക്കാരനാണ്. അദ്ദേഹത്തിനെതിരായ നീക്കത്തിന്റെ ഭാഗം കൂടിയാണ് സചിന്‍ ബേബിക്കെതിരായ പടയൊരുക്കമെന്നു കരുതുന്നവരുമുണ്ട്. കത്ത് പോലും തയാറാക്കിയത് ഒരു കെ.സി.എ ഭാരവാഹിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.