ഐ.പി.എല്ലും വിശ്രമ കാലവും കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനപ്പെട്ട വിദേശ പര്യടനങ്ങള്‍ തുടങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര പരമ്പര ശനിയാഴ്ച ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ പൂര്‍മ കായികക്ഷമതയില്‍ മത്സരത്തിന് സജ്ജരായിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കേണ്ടത്. ഈ പരമ്പര ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുള്‍പ്പെടെ കളിക്കാര്‍ കഴിഞ്ഞ മാസം നടന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് പോലും വിട്ടുനിന്നത്. എന്നാല്‍ ടീമിലെ ഏറ്റവും മികച്ച പെയ്‌സ്ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബുംറയും പരിക്കിലാണ്. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ എപ്പോള്‍ തിരിച്ചുവരുമെന്ന് ആര്‍ക്കും പിടിയില്ല. ഈ സാഹചര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ റോളിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ആരംഭിച്ചിരിക്കുന്നത്. വലിയ പരമ്പരകള്‍ക്ക് കളിക്കാരെ സജ്ജമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അക്കാദമി കൊണ്ട് എന്താണ് കാര്യമെന്ന് പലരും ചോദിക്കുന്നു.
പരിക്കുകളുടെ ചികിത്സക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചെലവഴിക്കുന്ന കളിക്കാരുടെ യഥാര്‍ഥ വസ്തുതകള്‍ പോലും ദേശീയ സെലക്ടര്‍മാര്‍ അറിയുന്നില്ലെന്നാണ് വ്യക്തമായത്. സാഹ വിട്ടുനില്‍ക്കുന്നത് തള്ളവിരലിലെ പരിക്കു കാരണമെന്നാണ് ചീഫ് സെലക്ടര്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ തള്ള വിരലിലെ പരിക്ക് മാറിയിരുന്നു. സാഹ ചുമലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനാവുകയാണ്.
ബി.സി.സി.ഐയുടെ ഏറ്റവും പ്രഗദ്ഭമായ സ്ഥാപനമാണ് ദേശീയ ക്രിക്കറ്റ് അക്കാദമി. എന്നാല്‍ ഇവിടത്തെ ചീഫ് ഫിസിയൊതെറാപ്പിസ്റ്റ് കളിക്കാരുടെ ഫിറ്റ്‌നസ് വിവരങ്ങള്‍ അയക്കുന്നത് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന മുതിര്‍ന്ന കളിക്കാര്‍ക്ക് എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് വലിയ പരിശീലനമൊന്നുമല്ല വേണ്ടത്. രാജ്യാന്തര ക്രിക്കറ്റിന് വേണ്ട കായിക, മാനസികക്ഷമതയിലേക്ക് അവരെ കൊണ്ടുവരാനാണ് അക്കാദമി. എന്നാല്‍ അത്തരമൊരു ദൗത്യം നിര്‍വഹിക്കാന്‍ അക്കാദമിക്ക് സാധിക്കുന്നില്ലെന്നാണ് പരക്കെ വിമര്‍ശം.
സാഹയുടെ ചികിത്സ നിശ്ചയിച്ചത് ഡോ. നാരായണസ്വാമിയാണെന്നാണ് ബി.സി.സി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ അക്കാദമിയില്‍ അദ്ദേഹത്തിന്റെ റോള്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല. ചുമലിലെ പരിക്കുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ സാഹയെ ആരാണ് ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവദിച്ചത് എന്നതിനും ഉത്തരമില്ല. കളിക്കാര്‍ക്ക് ബി.സി.സി.ഐ കരാര്‍ നല്‍കുന്നത് അവര്‍ രാജ്യത്തിന് കളിക്കാന്‍ ലഭ്യമായിരിക്കുമെന്ന വ്യവസ്ഥയിലാണ്. എന്നാല്‍ അവരുടെ പരിക്ക് നിരന്തരമായി ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നില്ലെന്നനാണ് പരാതി. ഭുവനേശ്വര്‍കുമാറിന്റെ പരിക്കിനെക്കുറിച്ച് ബി.സി.സി.ഐക്ക് വ്യക്തമായ വിവരമേയില്ല.
കളിക്കാരുടെ ഫിറ്റ്‌നസ് പ്രധാന വ്യവസ്ഥയാക്കുമെന്ന് ഇന്ത്യന്‍ കോച്ചും ക്യാപ്റ്റനും നിരന്തരം പ്രഖ്യാപിക്കുന്നുണ്ട്. യോ യോ ടെസ്റ്റ് പരാജയപ്പെടുന്ന കളിക്കാരുടെ പേരുകള്‍ നിരന്തരം പുറത്തുവരുന്നു. എന്നാല്‍ അതിന്റെയൊക്കെ ചുമതല വഹിക്കേണ്ട ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ കാര്യക്ഷമതയില്‍ സംശയമുയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.