മലപ്പുറം-സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ പാലക്കാടും കോട്ടയവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പത്തനംതിട്ടയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പാലക്കാട് കീഴടക്കി. പാലക്കാടിനായി കെ. നിര്‍മല്‍ (അഞ്ചാം മിനിറ്റ്), ടി.പി. ഷിജാസ് (13), ജി. അഭിജിത്ത് (21) എന്നിവര്‍ ഗോളുകള്‍ നേടി.
വയനാടിനെ ടൈബ്രേക്കറില്‍ 4-2 ന് തോല്‍പ്പിച്ചാണ് കോട്ടയം ക്വാര്‍ട്ടറില്‍ കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോട്ടയത്തിനായി പി. വൈഷ്ണവും (15) വയനാടിനായി നജീബും (62) ഗോളുകള്‍ നേടി. ടൈബ്രേക്കറില്‍ വയനാടിന്റെ ശ്രീജിത്ത്, യാഷിം മാലിഖ് എന്നിവരുടെ കിക്കുകള്‍ ഗോളി തടുത്തിട്ടു. ഗോകുല്‍ കൃഷ്ണ, സി.കെ. മിഥുലാജ് എന്നിവര്‍ ലക്ഷ്യം കണ്ടു. കോട്ടയത്തിനായി കിക്കെടുത്ത അഖില്‍ ചന്ദ്രന്‍, ബിബിന്‍ ബോബന്‍, ജി.എസ്. ഗോകുല്‍, മുഹമ്മദ് സലീം എന്നിവര്‍ ചുമതല നിര്‍വഹിച്ചു.
ബുധനാഴ്ച മലപ്പുറം കോട്ടപ്പടി മൈതാനത്തു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ രാവിലെ ഏഴിന് പാലക്കാടും തൃശൂരും ഏറ്റുമുട്ടും. വൈകീട്ട് നാലിനു കോട്ടയത്തെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മലപ്പുറം നേരിടും.