Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ്: സഞ്ജുവിന് സാധ്യത അവശേഷിക്കുന്നു

മുംബൈ - ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ആതിഥേയരുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമില്‍ രണ്ട് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍മാരുണ്ട്. ശ്രീലങ്കയില്‍ ഏഷ്യാ കപ്പ് കളിക്കുന്ന പതിനേഴംഗ ടീമില്‍ നിന്ന് പുതുമുഖ ബാറ്റര്‍ തിലക് വര്‍മയെയും പെയ്‌സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെയും ഒഴിവാക്കി. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍, മലയാളി കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനമില്ല. ഈ മാസം 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ട്. 
ഐ.പി.എല്ലിന്റെ തുടക്കത്തില്‍ പരിക്കേറ്റ ശേഷം ഒരു മത്സരവും കളിക്കാതെയാണ് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ ടീമിലെത്തിയിരിക്കുന്നത്. രാഹുലിന്റെ അഭാവത്തില്‍് കരീബിയന്‍ പര്യടനത്തിലുമായി നാല് അര്‍ധ ശതകങ്ങള്‍ നേടിയ ഇശാന്‍ കിഷനും ടീമിലുണ്ട്. പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തിനായി രണ്ടു പേര്‍ തമ്മില്‍ ശക്തമായ മത്സരമുണ്ടാവും. പാക്കിസ്ഥാനെതിരെ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ 82 റണ്‍സുമായി പ്രത്യാക്രമണം നടത്തിയത് ഇശാനായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത രാഹുല്‍ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ കളിച്ചേക്കുമെന്നാണ് സൂചന. രാഹുല്‍ അവസാനം ഏകദിനം കളിച്ചത് മാര്‍ച്ചിലാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനില്‍ ഇശാനെ നിലനിര്‍ത്താനും സാധ്യതയുണ്ട്. തിങ്കളാഴ്ച ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റ് പാസായ രാഹുല്‍ ശ്രീലങ്കയിലേക്ക് തിരിച്ചു. രാഹുലിന്റെ ഫിറ്റ്‌നസില്‍ സംശയമുള്ളതിനാല്‍ റിസര്‍വ് കളിക്കാരനായി സഞ്ജു ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോയിരുന്നു. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും രാഹുലിനെ പരീക്ഷച്ച ശേഷമായിരിക്കും അന്തിമമായി ടീമിനെ പ്രഖ്യാപിക്കുക. സൂര്യകുമാര്‍ യാദവാണ് മധ്യനിരയിലെ റിസര്‍വ് കളിക്കാരന്‍. 
മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട പെയ്‌സാക്രമണത്തെ ദീര്‍ഘകാലം വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുംറ നയിക്കും. പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ ശാര്‍ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. കുല്‍ദീപ് യാദവാണ് മുഖ്യ സ്പിന്നര്‍. ഇടങ്കൈയന്‍ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജദേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. ടീമില്‍ ഓഫ്‌സ്പിന്നറില്ല. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. 
മഹേന്ദ്ര സിംഗ് ധോണിക്കു കീഴില്‍ 2011 ലെ ലോകകപ്പും 2013 ലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ശേഷം ഇന്ത്യ ഒരു പ്രധാന ആഗോള ടൂര്‍ണമെന്റും ജയിച്ചിട്ടില്ല. 
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇശാന്‍, സൂര്യകുമാര്‍, ഹാര്‍ദിക് (വൈസ് ക്യാപ്റ്റന്‍), ജദേജ, അക്ഷര്‍, കുല്‍ദീപ്, ശാര്‍ദുല്‍, ബുംറ, ഷമി, സിറാജ്.
 

Latest News