കൊച്ചി - ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 21 ന് കൊച്ചിയില്‍ ആരംഭിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഐ.എസ്.എല്ലിന്റെ പത്താം സീസാണ് ഇത്. ആദ്യമായി സ്ഥാനക്കയറ്റം നേടിയ ടീം പങ്കെടുക്കുന്ന ഐ.എസ്.എല്ലും കൂടിയാണ് ഇത്. ഐ-ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിയാണ് ഐ.എസ്.എല്ലില്‍ സ്ഥാനം നേടിയത്. ഇത്തവണ തരംതാഴ്ത്തലില്ല. 12 ടീമുകള്‍ പങ്കെടുക്കും.
കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള പ്ലേഓഫ് വലിയ വിവാദത്തിലാണ് അവസാനിച്ചത്. മത്സരം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയതിന് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത പിഴ ലഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകൂമനോവിച്ചിന് സസ്‌പെന്‍ഷന്റെ ഭാഗമായി ആദ്യ കളിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. നാലു കളികളില്‍ കൂടി വുകൂമനോവിച്ചിന് പുറത്തിരിക്കണം. ബ്ലാസ്റ്റേഴ്‌സ് അതിനു മുമ്പുള്ള സീസണില്‍ റണ്ണേഴ്‌സ്അപ്പുമായിരുന്നു.