ന്യൂയോര്‍ക്ക് - യു.എസ് ഓപണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്‍ ഈഗ ഷ്വിയോന്‍ടെക്കിനു പിന്നാലെ നിലവിലെ റണ്ണറപ് തുനീഷ്യയുടെ ഉന്‍സ് ജാബിറും പുറത്തായി. മൂന്നാം സീഡും ആതിഥേയരുടെ ഏറ്റവും വലിയ പ്രതീക്ഷയുമായ ജെസിക്ക പെഗൂലയുടെയും സ്വപ്‌നം അവസാനിച്ചു. നാലാം സീഡ് എലേന റിബാഖീന നേരത്തെ പുറത്തായിരുന്നു. ഇതോടെ രണ്ടാം സീഡ് അരീന സബലെങ്ക കിരീടം നേടാന്‍ സാധ്യതയേറി. സബലെങ്ക ഒന്നാം റാങ്കിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
പതിമൂന്നാം സീഡ് ദാരിയ കസാത്ഖിനയെ തോല്‍പിച്ച് സബലെങ്ക തുടര്‍ച്ചയായ ആറാമത്തെ ഗ്രാന്റ്സ്ലാമില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി (6-1, 6-3). ഇരുപത്തിമൂന്നാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍വെന്നുമായി സബലെങ്ക ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. പതിനേഴാം സീഡും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ മാര്‍ക്കറ്റ വന്‍ഡ്രൂസോവയും 2017 ലെ റണ്ണറപ് മാഡിസന്‍ കീസും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍. കോക്കൊ ഗഫ്-2017 ലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ യെലേന ഓസ്റ്റാപെങ്കൊ, പത്താം സീഡ് കരൊലൈന മുചോവ-മുപ്പതാം സീഡ് സോറാന സിര്‍സ്റ്റിയ എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍.
ചൈനയുടെ ഷെംഗ് അസുഖബാധിതയായ ഉന്‍സിനെ 6-2, 6-3 ന് തോല്‍പിച്ചു. ആദ്യമായാണ് ഇരുപതുകാരി ഗ്രാന്റ്സ്ലാം ക്വാര്‍ട്ടറിലെത്തുന്നത്. അമേരിക്കക്കാരികള്‍ തമ്മിലുള്ള പ്രി ക്വാര്‍ട്ടറില്‍ പെഗൂല 1-6, 3-6 ന് കീസിനു മുന്നില്‍ അടിയറവ് പറഞ്ഞു. സീഡില്ലാത്ത അമേരിക്കക്കാരി പെയ്റ്റന്‍ സ്റ്റേണ്‍സിന്റെ കുതിപ്പാണ് വന്‍ഡ്രൂസോവ മൂന്നു സെറ്റില്‍ മറികടന്നത്, 6-7 (3-7), 6-3, 6-2.
പുരുഷ വിഭാഗത്തില്‍ ടോപ് സീഡ് കാര്‍ലോസ് അല്‍കാരസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡ് യാനിക് സിന്നറെയോ പന്ത്രണ്ടാം സീഡ് അലക്‌സാണ്ടര്‍ സ്വരേവിനെയോ നേരിടും. 20121 ലെ ചാമ്പ്യന്‍ ഡാനില്‍ മെദവദേവിന്റെ എതിരാളി റഷ്യയുടെ തന്നെ എട്ടാം നമ്പര്‍ ആന്ദ്രെ റൂബലേവുമായി ഏറ്റുമുട്ടും. നോവക് ജോകോവിച്-ടയ്‌ലര്‍ ഫ്രിറ്റ്‌സ്, ഫ്രാന്‍സിസ് തിയാഫു-ബെന്‍ ഷെല്‍റ്റന്‍ എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍.