പള്ളിക്കെലെ - മഴയിലലിഞ്ഞു പോവുമെന്ന് ഭയപ്പെട്ട നേപ്പാളിനെതിരായ മത്സരം ഡകവര്‍ത്ത് ലൂയിസ് നിയമപ്രകാരം പത്തു വിക്കറ്റിന് ജയിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെത്തി. നേപ്പാള്‍ രണ്ടാം മത്സരവും തോറ്റതോടെ ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും മുന്നേറി. മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി.
പലതവണ മഴ തടസ്സപ്പെടുത്തിയ ഇന്നിംഗ്‌സില്‍ 10 പന്ത് ശേഷിക്കെ നേപ്പാള്‍ 230 ന് ഓളൗട്ടായി. ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റ് പോവാതെ 17 ലെത്തിയപ്പോള്‍ തുടങ്ങിയ മഴയില്‍ കളി ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നി. രാത്രി 10.20 വരെ കളി പുനരാരംഭിക്കാനായില്ലെങ്കില്‍ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. പത്തേ കാലിനാണ് പുനരാരംഭിച്ചത്. 23 ഓവറില്‍ 145 റണ്‍സായി ഇന്ത്യയുടെ ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. തകര്‍ത്തടിച്ച ഇന്ത്യന്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും (59 പന്തില്‍ 74 നോട്ടൗട്ട്) ശുഭ്മന്‍ ഗില്ലും (62 പന്തില്‍ 67 നോട്ടൗട്ട്) 20.1 ഓവറില്‍ ലക്ഷ്യം കണ്ടു.
നേപ്പാളിന്റെ ഇന്നിംഗ്‌സും പലതവണ മഴ തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. നേപ്പാളിനെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന്‍ തോല്‍പിച്ചു.
ഓപണര്‍ ആസിഫ് ശെയ്ഖിന്റെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്കെതിരെ ആദ്യമായി കളിക്കുന്ന നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നല്ല തുടക്കത്തിന് ശേഷം നേപ്പാളിന് വഴി തെറ്റിയെങ്കിലും മധ്യനിരയുടെ മികച്ച പ്രകടനം അവരെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. എട്ടാം നമ്പറായി ഇറങ്ങിയ സോംപാല്‍ കാമി 48 റണ്‍സടിച്ചു. സ്പിന്നര്‍ രവീന്ദ്ര ജദേജയും (10-0-40-3) മുഹമ്മദ് സിറാജും (9.2-1-61-3) ആറു വിക്കറ്റ് പങ്കുവെച്ചു. ഇന്ത്യന്‍ ഇന്നിംഗ്‌സ് പലതവണ മഴ തടസ്സപ്പെടുത്തി. ഇന്ത്യ ബാറ്റിംഗ് തുടങ്ങുമ്പോഴേക്കും വീണ്ടും മഴയെത്തി. 2.1 ഓവറില്‍ 17 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. 20 ഓവറെങ്കിലും പൂര്‍ത്തിയായില്ലെങ്കില്‍ ഇന്ത്യക്ക് പോയന്റ് നഷ്ടപ്പെടും. പാക്കിസ്ഥാനെതിരായ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ നേപ്പാള്‍ നന്നായി തുടങ്ങി. ആദ്യ അഞ്ചോവറില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് നേപ്പാളിന് താങ്ങായി. സ്ലിപ്പില്‍ ശ്രേയസ് അയ്യരും ഷോര്‍ട് കവറില്‍ വിരാട് കോലിയും ക്യാച്ചുകള്‍ കൈവിട്ടു. വിക്കറ്റ്കീപ്പര്‍ ഇശാന്‍ കിഷന്റെ ഗ്ലൗസിനിടയിലൂടെ പന്ത് ഊളിയിട്ടു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി ബൗണ്ടറിക്കും സിക്‌സറിനുമുയര്‍ത്തിയ ഓപണര്‍മാരായ കുശാല്‍ ഭുര്‍തേലും (25 പന്തില്‍ 38) ആസിഫ് ശെയ്ഖും (97 പന്തില്‍ 58) പത്തോവര്‍ പിന്നിടും മുമ്പെ 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ശാര്‍ദുല്‍ താക്കൂറിനെയും ഭുര്‍തേല്‍ ശൂന്യമായ ഗാലറിയിലേക്കുയര്‍ത്തി.
ശാല്‍ദുല്‍ താക്കൂറാണ് (4-0-26-1) ഈ കൂട്ടുകെട്ട് പൊളിച്ചത്. ശാര്‍ദുലിനെ സിക്‌സറിനുയര്‍ത്തിയ കുശാല്‍ അടുത്ത പന്തില്‍ പുറത്തായി. സ്പിന്നര്‍മാരായ രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവും കടിഞ്ഞാണേറ്റെടുത്തതോടെയാണ് റണ്ണൊഴുക്ക് നിലച്ചത്. ജദേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതോടെ വിക്കറ്റ് പോവാതെ 65 ല്‍ നിന്ന് നാലിന് 101 ലേക്ക് നേപ്പാള്‍ തകര്‍ന്നു. ആസിഫിനെ സിറാജാണ് മടക്കിയത്. ഗുല്‍സന്‍ ഝായും (23) ദീപേന്ദ്ര സിംഗ് അയ്‌രീയും (29) സോംപാല്‍ കാമിയുമാണ് (48) സ്‌കോര്‍ 200 കടത്തിയത്. അവസാന മൂന്നു വിക്കറ്റുകള്‍ രണ്ട് റണ്‍സിനിടെ നിലംപൊത്തി.