ലണ്ടന്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇംഗ്ലണ്ട് താരം ജെയ്ദന്‍ സാഞ്ചോയുടെ ഭാവി ചോദ്യചിഹ്നമായി. മര്യാദക്ക് പരിശീലനം നടത്താത്തതിന്റെ പേരിലാണ് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്ന കോച്ചിന്റെ പരാമര്‍ശത്തിനെതിരെ ഇരുപത്തിമൂന്നുകാരന്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. ആഴ്‌സനലിനെതിരായ മത്സരത്തിന് ടീമിനൊപ്പം സാഞ്ചൊ ലണ്ടനിലേക്ക് വന്നിരുന്നില്ല.
തോല്‍വിയുടെ ബലിയാടാണ് താനെന്ന് സാഞ്ചൊ പറഞ്ഞു. വായിക്കുന്നതെല്ലാം സത്യമാണെന്ന് ധരിക്കരുത്. അസത്യം പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. പരിശീലന സെഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മറ്റു കാരണങ്ങളുടെ പേരില്‍ എന്നെ ബലിയാടാക്കുകയാണ് -സാഞ്ചൊ പറഞ്ഞു. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 9.2 കോടി ഡോളറിന്റെ കരാറിലാണ് 2021 ല്‍ സാഞ്ചൊ യുനൈറ്റഡിലെത്തിയത്. ഇതുവരെ സ്ഥിരത പുലര്‍ത്താനായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി ഒരു മത്സരത്തിലും ഇറങ്ങിയില്ല.
ഈ സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളിലും സബ്സ്റ്റിറ്റിയൂട്ടായി ഇംഗ്ലണ്ട് താരം കളിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ നാല് കളിയില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് യുനൈറ്റഡിന്റെ സമ്പാദ്യം. പതിനൊന്നാം സ്ഥാനത്താണ് അവര്‍.