ലണ്ടന്‍ - സൗദി അറേബ്യന്‍ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ നിന്ന് അവഗണിക്കാനാവാത്ത വിധം വലിയ ഓഫറുണ്ടെങ്കിലും ഈ സീസണില്‍ ലിവര്‍പൂളില്‍ തന്നെയെന്ന് സൂചിപ്പിച്ച് മുഹമ്മദ് സലാഹ്. ഈജിപ്ഷ്യന്‍ താരത്തിന്റെ ഗോളില്‍ ലിവര്‍പൂള്‍ 3-0 ന് ആസ്റ്റണ്‍വില്ലയെ തോല്‍പിച്ചു. മറ്റു രണ്ടു ഗോളുകളിലും സലാഹിന്റെ കൈയൊപ്പുണ്ടായിരുന്നു. സലാഹിനായി 15 കോടി പൗണ്ടിന്റെ ഓഫര്‍ ഇത്തിഹാദ് മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ലിവര്‍പൂള്‍ താരത്തെ കൈവിടില്ലെന്ന വാശിയിലാണ്. മത്സരത്തിനു ശേഷം സലാഹിനെ ക്ലോപ്പ് മുക്തകണ്ഠം പ്രശംസിച്ചു. പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരം രണ്ടാഴ്ചക്കു ശേഷമാണ്. വ്യാഴാഴ്ച വരെ സൗദിയില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിരിപ്പാണ്. ഇത്തിഹാദ് കൂടുതല്‍ വലിയ ഓഫര്‍ വെച്ചാല്‍ എന്തും സംഭവിക്കാം.
തൊണ്ണൂറാം മിനിറ്റ് വരെ 1-1 ലായിരുന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളടിച്ച ആഴ്‌സനല്‍ 3-1 ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഞെട്ടിച്ചു. ഡെക്ലാന്‍ റൈസും ഗബ്രിയേല്‍ ജെസൂസുമാണ് ആഴ്‌സനലിനെ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ സീസണിലും എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആഴ്‌സനലിനെതിരെ യുനൈറ്റഡ് 90ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിരുന്നു.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെല്ലുവിളിയുയര്‍ത്താനായേക്കുമെന്ന പ്രതീക്ഷയാണ് ലിവര്‍പൂളും ആഴ്‌സനലും സൃഷ്ടിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ഡൊമിനിക് സ്ലോബോസായിയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. 22ാം മിനിറ്റില്‍ മാറ്റി കാഷിന്റെ സെല്‍ഫ് ഗോള്‍ അവരുടെ ലീഡുയര്‍ത്തി. അമ്പത്തഞ്ചാം മിനിറ്റിലായിരുന്നു സലാഹിന്റെ ഗോള്‍. തുടര്‍ച്ചയായ മൂന്നാം മത്സരം ജയിച്ച ലിവര്‍പൂള്‍ ഈ സീസണില്‍ അജയ്യരാണ്. ആഴ്‌സനലിനെയും ലിവര്‍പൂളിനെയുംകാള്‍ രണ്ട് പോയന്റ് മുന്നിലാണ് സിറ്റി (12 പോയന്റ്).