ന്യൂയോര്‍ക്ക് - കഴിഞ്ഞ ആറ് ഗ്രാ്ന്റ്സ്ലാമുകളില്‍ മൂന്നും നേടിയ ഈഗ ഷ്വിയോന്‍ടെക് യു.എസ് ഓപണ്‍ ടെന്നിസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഒന്നര വര്‍ഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്ന നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യന് ടോപ് റാങ്ക് പദവിയും നഷ്ടപ്പെടും. റഷ്യയുടെ അരീന സബലെങ്ക അടുത്ത റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തും. 2017 ലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ ലാത്വിയയുടെ യെലേന ഓസ്റ്റാപെങ്കോയാണ് പോളണ്ടുകാരിയെ 3-6, 6-3, 6-1 ന് മുട്ടുകുത്തിച്ചത്. ഇരുപത്താറുകാരിയായ ഓസ്റ്റാപെങ്കൊ ഇരുപതാം സീഡാണ്. ഓസ്റ്റാപെങ്കോയെ നാലു തവണ നേരിട്ടപ്പോഴും ഈഗക്ക് തോല്‍വിയായിരുന്നു. മറ്റൊരു കളിക്കാരിയും ഈഗയെ നാലു തവണ തോല്‍പിച്ചിട്ടില്ല.
അമേരിക്കയുടെ പത്തൊമ്പതുകാരി കോക്കൊ ഗഫിനെയാണ് ഓസ്റ്റാപെങ്കൊ ക്വാര്‍ട്ടറില്‍ നേരിടുക. ഈഗ-ഗഫ് ക്വാര്‍ട്ടറിനായി കാത്തിരിക്കുകയായിരുന്നു ടെന്നിസ് ലോകം. ഗഫ് 6-3, 3-6, 6-1 ന് മുന്‍ ഒന്നാം നമ്പര്‍ കരൊലൈന്‍ വോസ്‌നിയാക്കിയെ തോല്‍പിച്ചു.
ക്രൊയേഷ്യന്‍ ക്വാളിഫയര്‍ ബോര്‍ണ ഗോഹോയെ എളുപ്പം തോല്‍പിച്ച് നോവക് ജോകോവിച് 13ാം തവണ യു.എസ് ഓപണ്‍ ക്വാര്‍ട്ടറിലെത്തി. അമേരിക്കന്‍ നമ്പര്‍ വണ്‍ ടയ്‌ലര്‍ ഫ്രിറ്റ്‌സാണ് അടുത്ത എതിരാളി. മൂന്നാം റൗണ്ടില്‍ നോവക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2005 നു ശേഷം ആദ്യമായി ഹോം ഗ്രാന്റ്സ്ലാമില്‍ മൂന്ന അമേരിക്കക്കാര്‍ ക്വാര്‍ട്ടറിലെത്തി.