മലപ്പുറം-മലപ്പുറത്തു നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തെ കീഴടക്കി ഇടുക്കി സെമിയിലെത്തി. നിശ്ചിത സമയത്ത് 2-2 ന് അവസാനിച്ച കളി സഡന്‍ ഡെത്തിലാണ്(7-6) വിജയികളെ തീരുമാനിച്ചത്. ഇടുക്കിക്കായി എല്‍ദോസ് ജോര്‍ജ ്(37), റിസ് വാന്‍ ഷൗക്കത്ത് (68) എന്നിവര്‍ നിശ്ചിത സമയത്തു ലക്ഷ്യം കണ്ടപ്പോള്‍ തിരുവനന്തപുരത്തിനായി നിജോ ഗില്‍ബര്‍ട്ട് (72) ഗോള്‍ നേടി. തിരുവനന്തപുരത്തിന്റെ രണ്ടാമത്തെ ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. നിജോ തൊടുത്ത കിക്ക് ഇടുക്കിയുടെ കെ.എ. ശ്രീരാജിന്റെ കാലില്‍ തട്ടിയാണ് സെല്‍ഫ് ഗോള്‍ വീണത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇടുക്കിയും കണ്ണൂരും ഏറ്റുമുട്ടും.
ആദ്യ കളിയില്‍ കൊല്ലത്തെ 3-1 ന് കീഴടക്കി തൃശൂര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തൃശൂരിനായി സഫ്നാദ്(38), അരുണ്‍(88), അഡ്വിന്‍(89) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കൊല്ലത്തിനായി റതന്‍(36) ആശ്വാസ ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടറില്‍ രാവിലെ ഏഴിനു പാലക്കാടും പത്തനംതിട്ടയും ഏറ്റുമുട്ടും. വൈകീട്ട് നാലിനു വയനാടും കോട്ടയവും മത്സരിക്കും.