പള്ളിക്കെലെ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ 10 പന്ത് ശേഷിക്കെ നേപ്പാള്‍ 230 ന് ഓളൗട്ടായി. സ്പിന്നര്‍ രവീന്ദ്ര ജദേജയും (10-0-40-3) മുഹമ്മദ് സിറാജും (9.2-1-61-3) ആറു വിക്കറ്റ് പങ്കുവെച്ചു. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ നേപ്പാള്‍ നന്നായി തുടങ്ങി. ഓപണര്‍മാരായ കുശാല്‍ ഭുര്‍തേലും (25 പന്തില്‍ 38) ആസിഫ് ശെയ്ഖും (97 പന്തില്‍ 58) പത്തോവര്‍ പിന്നിടും മുമ്പെ 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ശാല്‍ദുല്‍ താക്കൂറാണ് (4-0-26-1) ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് രവീന്ദ്ര ജദേജ കടിഞ്ഞാണേറ്റെടുത്തതോടെ വിക്കറ്റ് പോവാതെ 65 ല്‍ നിന്ന് നാലിന് 101 ലേക്ക് നേപ്പാള്‍ തകര്‍ന്നു. ഗുല്‍സന്‍ ഝായും (23) ദീപേന്ദ്ര സിംഗ് അയ്‌രീയും (29) സോംപാല്‍ കാമിയുമാണ് (48) സ്‌കോര്‍ 200 കടത്തിയത്. അവസാന മൂന്നു വിക്കറ്റുകള്‍ രണ്ട് റണ്‍സിനിടെ നിലംപൊത്തി.