ബോളിവുഡ് താരം രാഖി സാവന്ത് (ഫാത്തിമ) കഴിഞ്ഞയാഴ്ച പരിശുദ്ധ ഉംറ നിർവഹിക്കാനെത്തി. തന്റെ ജീവിതത്തിലെ അപൂർവവും അവിസ്മരണീയവുമായ അനുഭവത്തെക്കുറിച്ച്, സങ്കടങ്ങളത്രയും ഇറക്കി വെക്കാനായ തീർഥാടനപുണ്യത്തെക്കുറിച്ച്, താരം പുറത്ത് വിട്ട വീഡിയോ ക്ലിപ്പുകൾ ഇതിനകം വൈറലായി. ഒരു സിനിമാക്കഥ പോലെ പൊടുന്നനവെ തകർന്നുപോയ ഹ്രസ്വദാമ്പത്യത്തെക്കുറിച്ചുള്ള, തന്നെ തേജോവധം ചെയ്യാനുള്ള ഭർത്താവിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ചുള്ള വിഷാദഭാരവുമായി മക്കയിലെത്തിയ രാഖി സാവന്ത്, തീർത്തും സ്വച്ഛത നിറഞ്ഞ മനസ്സുമായാണ് മടങ്ങിയത്.

ജിദ്ദയിൽ അവരുടെ ആതിഥേയയായ പ്രമുഖ മാധ്യമ പ്രവർത്തകയും ബോളിവുഡുമായി അടുപ്പമുള്ള ബിസിനസുകാരിയുമായ സമീറാ അസീസുമായി, രാഖി സാവന്ത് പങ്കിട്ട സൗഹൃദ നിമിഷങ്ങളിൽ ഉംറ നിർവഹണത്തിന്റേയും മദീനാ സിയാറത്തിന്റേയും സുകൃതത്തെക്കുറിച്ചാണ് കൂടുതലായും പറഞ്ഞത്.
ഞാൻ വീണ്ടും വരും. ഉംറ അനുഷ്ഠിച്ച ശേഷം പുതിയൊരു വ്യക്തിയായാണ് ഞാൻ തിരികെപ്പോകുന്നത് രാഖി സാവന്ത് പറഞ്ഞു.
ആദ്യന്തം ആന്റി ക്ലൈമാക്‌സുകൾ നിറഞ്ഞ ഒരു സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമ പോലെയാണ് നാൽപതുകളുടെ പാതിയിൽ ആയുസ്സെത്തി നിൽക്കുന്ന
രാഖി സാവന്തിന്റെ ജീവിതം. കാലപ്രയാണത്തിനിടെ, താരപ്പകിട്ടുള്ള നിരവധി നടിമാരുടെ ജീവിതം അവസാനകാലത്ത് ദുരന്തപൂർണമാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടുള്ള മുംബൈ നഗരം രാഖിയുടെ ജീവിതത്തിന്റെ അവിചാരിതമായ പല കയറ്റിറക്കങ്ങളും കാണുന്നു. പ്രണയകുടീരങ്ങളുടെ നാടായ ആഗ്രയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകളായി ജനിച്ച് ആട്ടവും പാട്ടുമായി ഇല്ലായ്മയുടെ ബാല്യം ചെലവിട്ട രാഖിയുടെ രാശി തെളിഞ്ഞത് മുംബൈയിലെത്തി പ്രസിദ്ധ ടെലിവിഷൻ റിയാലിറ്റി പരമ്പരയായ ബിഗ് ബോസിലെത്തിയതോടെയാണ്. 2006 ലായിരുന്നു അത്.

മികച്ച ഡാൻസറായ രാഖി, ബിഗ് ബോസിന്റെ ഫൈനലിസ്റ്റായി. ഇതിനകം നടി, ഡാൻസർ, മോഡൽ, ടെലിവിഷൻ ടോക്‌ഷോ ആംഗർ എന്നീ നിലകളിൽ അവർ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ഒരു കൈയല്ല, രണ്ടു കൈ. രണ്ടു കൊല്ലം, രണ്ടു പാർട്ടി. രാഷ്ട്രീയ ആം പാർട്ടി ബാനറിൽ മുംബൈ നോർത്ത് വെസ്റ്റിൽ ലോക്‌സഭാ സ്ഥാനാർഥിയായി. നൃത്തവേദിയിലെ എരിവുള്ള താരത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം പച്ചമുളക്! പക്ഷേ വെറും പതിനഞ്ച് വോട്ടുകളിലൊതുങ്ങി ആ ഇലക്ഷൻ ഫലം. പിന്നീടാണ് ഒഷിവാര നഗരത്തിലെ ചില ബിസിനസുകാരുടെ രാഷ്ട്രീയ പ്രസ്ഥാനമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകയായത്. ഈ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വരെയായി. പക്ഷേ പിന്നീടാരും ആ പാർട്ടിയെക്കുറിച്ച് കേട്ടില്ല എന്നത് രാഖിയുടെ രാഷ്ട്രീയ കഥാന്ത്യം.
അഗ്‌നിചിത്രയായിരുന്നു ആദ്യസിനിമ. തുടർന്ന് കുരുക്ഷേത്ര, ജിസ് ദേശ് മേം ഗംഗ, ബദ്മാഷ് വമ്പർ വൺ, ഡൂൺ തുടങ്ങിയ പടങ്ങളിൽ ചെറുവേഷം ചെയ്തു. 2003 ൽ ചുരാ ലിയേ തുംനെ ഹെയിലെ ഐറ്റം നമ്പർ അവരെ ചെറുപ്പക്കാരുടെ ശ്രദ്ധാകേന്ദ്രമായ ഡാൻസറാക്കി മാറ്റി. ഹിമേഷ് രേഷമ്മിയ ചിട്ടപ്പെടുത്തിയ പ്രസിദ്ധമായ മൊഹബ്ബത്ത് ഹെ മിർച്ചിയാണ് രാഖിയുടെ നൃത്തച്ചുവടുകളിലൂടെ സൂപ്പർ ഡ്യൂപ്പറായി മാറിയത്.

മസ്തി, മേ ഹൂം ന എന്നീ സിനിമയിലേക്കുള്ള നല്ല റോളുകളിലേക്കുള്ള എൻട്രി കൂടിയായിരുന്നു ഈ ഐറ്റം നമ്പർ. ഷാരൂഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, അർജുൻ കപൂർ തുടങ്ങിയ ഒന്നാം കിട താരങ്ങളോടൊപ്പം വിദേശരാജ്യങ്ങളിലുൾപ്പെടെ സ്‌റ്റേജ് ഷോകൾ നടത്താൻ രാഖി സാവന്തിന് അവസരം കിട്ടി. ത്രില്ലർ സിനിമയായ 'ഏക് കഹാനി ജൂലി കി' യിലെ അഭിനയം അവരുടെ പ്രതിഭയുടെ മറ്റൊരു മുഖമാണ് അനാവരണം ചെയ്തത്. സനം തേരീ കസം എന്ന പടത്തിലെ മിസ് സാക്‌സേനയായുള്ള അഭിനയം രാഖിയെ വ്യത്യസ്തയാക്കി. ഏക് കഹാനി ജൂലി കിയിലെ ജൂലിയായുള്ള അഭിനയവും ഉപേക്ഷ എന്ന സിനിമയിലെ മോശമല്ലാത്ത വേഷവുമാണ് അവസാനമായി ചെയ്തത്. കോവിഡിനു ശേഷം സിനിമയ്ക്ക് വേണ്ടി ചമയമണിഞ്ഞിട്ടില്ല.
എൻ.ആർ.ഐ ബിസിനസുകാരനായ റിതേഷ് രാജുമായുള്ള രാഖിയുടെ വിവാഹം 2019 ലാണ് നടന്നത്. അത് പക്ഷേ മൂന്നു വർഷത്തിനപ്പുറം പോയില്ല. മേയ് 2022 ൽ ഇസ്‌ലാം മതം സ്വീകരിച്ച രാഖി, തന്റെ ബോയ്ഫ്രണ്ടും കർണാടകയിലെ കുടകിൽ ബിസിനസുകാരനുമായ ആദിൽ ഖാൻ ദുറാനിയെ ഗോവയിൽ വെച്ച് നിക്കാഹ് ചെയ്തു. പേര് ഫാത്തിമയെന്നാക്കി. ഇതിനിടെ ലുധിയാന കോടതിയിൽ ഹിജാബ് ധരിച്ചെത്തി നടത്തിയ ചില പരാമർശം വിവാദമായി. അവരുടെ മതംമാറ്റത്തെ ചില തീവ്രഹിന്ദുസംഘടനകൾ വിമർശിച്ചു. പക്ഷേ തന്റെ നിലപാടിലുറച്ചുനിന്ന രാഖി സാവന്ത് അഭിനയത്തിലും ടോക് ഷോകളിലുമെല്ലാം കൂടുതൽ സെലക്ടീവായി. ഇതിനിടയിലായിരുന്നു ആദിൽ ദുറാനിയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയതും അത് വലിയ സംഘർഷത്തിലേക്ക് നീങ്ങിയതും. ആദിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായുള്ള പരാതിയായിരുന്നു രാഖി ഉന്നയിച്ചത്. തന്നെക്കുറിച്ചുള്ള മോശമായ വീഡിയോ ചിത്രീകരണം, പീഡനം, ഗർഭം അലസിപ്പിക്കൽ തുടങ്ങി നിരവധി കേസുകൾ. രാഖിയുടെ ജീവിതം താളം തെറ്റുകയായിരുന്നു. ഏറെ ക്ഷമിച്ചെങ്കിലും പിണക്കം കലഹത്തിലേക്ക് വഴിമാറി. രാഖിയുടെ പരാതിയെത്തുടർന്ന് ആദിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

കലാജീവിതവും വ്യക്തിജീവിതവും കുഴമറിയുന്നതിനിടയിലാണ് രാഖി മനസ്സമാധാനം തേടി മക്കയിലെത്തിയത്. ജിദ്ദയിൽനിന്ന് സമീറാ അസീസ് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു. സുഹൃത്തും മുംബൈയിലെ മാധ്യമ പ്രവർത്തകനും സിനിമാമേഖലയിലെ അറിയപ്പെടുന്ന വ്യക്തിയുമായ വാഹിദ് അലിഖാനും പത്‌നി ഷഹിസ്താഖാനുമാണ് രാഖിയെന്ന ഫാത്തിമയെ അനുഗമിച്ചത്.
ഉംറക്ക് പുറപ്പെടും മുമ്പ് അനുഷ്ഠാനങ്ങളെക്കുറിച്ചും മദീനാ സിയാറത്തിനെക്കുറിച്ചുമുള്ള വീഡിയോ, സമീറാ അസീസ് അയച്ചു കൊടുത്തിരുന്നു.
തന്റെ ജീവിതത്തിൽ നേരിട്ട എല്ലാ ദുരന്തങ്ങളും ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം നിറഞ്ഞ മനസ്സുമായി ഉംറ നിർവഹിക്കെ അവർ പുറത്ത് വിട്ട ലൈവ് വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ണീരോടെയുള്ള അവരുടെ പ്രാർഥന പലരുടേയും മനസ്സിളക്കാൻ പോന്നതായിരുന്നുവെന്ന് സമീറാ അസീസ് പറഞ്ഞു.






