റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളിലെ പുതിയ സീസണില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അന്നസ്‌റും താളം കണ്ടെത്തുന്നു. അല്‍ഹസമിനെ 5-1 ന് അന്നസര്‍ തകര്‍ത്തു. കരിയറില്‍ 850 ഗോളടിക്കുന്ന ആദ്യത്തെ കളിക്കാരനായി ക്രിസ്റ്റിയാനൊ. കഴിഞ്ഞ മൂന്നു കളികളില്‍ മുപ്പത്തെട്ടുകാരന് ആറ് ഗോളായി.
ലീഗില്‍ രണ്ട് തോല്‍വിയുമായി തുടങ്ങിയ അന്നസര്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയാണ് ജയിക്കുന്നത്. അല്‍ഹസമിനെതിരെ രണ്ട് ഗോളിന് അവസരമൊരുക്കിയതും ക്രിസ്റ്റിയാനോയാണ്. ലീഗില്‍ സ്‌കോറിംഗിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്ത് റൊണാള്‍ഡോയാണ്.
അബ്ദുറഹമാന്‍ അല്‍ഗരീബ്, അബ്ദുല്ല അല്‍ഖൈബരി, ഒടാവിയൊ, സാദിയൊ മാനെ എന്നിവരും സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ അന്നസര്‍ 2-0 ന് മുന്നിലായിരുന്നു.
അജയ്യരായി മുന്നേറിയ അല്‍അഹലി എവേ മത്സരത്തില്‍ ആദ്യ ഗോളടിച്ച ശേഷം അല്‍ഫതഹിനോട് 1-5 ന് തോറ്റു. അല്‍ശബാബിനെ അല്‍ഖലീജ് 3-1 ന് തോല്‍പിച്ചു. അല്‍ഇത്തിഫാഖ് 3-1 ന് ദമക്കിനെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്തി. അഞ്ചു കളികളില്‍ നാലും ജയിക്കുകയും ഒരു കളി സമനിലയാക്കുകയും ചെയ്ത അല്‍ഹിലാലും അത്തആവുനുമാണ് ഒന്നാം സ്ഥാനത്ത്. അല്‍ഇത്തിഹാദും അല്‍അഹലിയും 12 പോയന്റുമായി പിന്നിലുണ്ട്. നാലു ജയവും ഒരു തോല്‍വിയും. ഇത്തിഫാഖിനും (10 പോയന്റ്) പിന്നില്‍ ആറാം സ്ഥാനത്താണ് അന്നസ്ര്‍.