ലണ്ടന്‍ - രണ്ട് ഹാട്രിക്കുകള്‍ പിറന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം റൗണ്ട് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. എര്‍ലിംഗ് ഹാളന്റിന്റെ ഹാട്രിക്കില്‍ സിറ്റി 5-1 ന് ഫുള്‍ഹമിനെ തകര്‍ത്തു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയതിന്റെ യാതൊരു ക്ഷീണവും പ്രകടിപ്പിക്കാത്ത ടോട്ടനം 5-2 ന് ബേണ്‍ലിയെ തരിപ്പണമാക്കി. പുതിയ നായകന്‍ സോന്‍ ഹ്യുംഗ് മിന്നാണ് നാലാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ശേഷം ടോട്ടനത്തിന്റെ കുതിപ്പിന് ഹാട്രിക്കോടെ ചുക്കാന്‍ പിടിച്ചത്. അതേസമയം നിരവധി കളിക്കാരെയും കോച്ചിനെയും മാറ്റിയിട്ടും ചെല്‍സിയുടെ ശനിദശ മാറുന്നില്ല. ഹോം മത്സരത്തില്‍ അവര്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 0-1 ന് തോറ്റു. നാലു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച അവര്‍ താഴെ പകുതിയിലാണ്. നാല് റൗണ്ട് മാത്രം പിന്നിടുമ്പോഴേക്കും അവര്‍ സിറ്റിക്ക് ആറ് പോയന്റ് പിന്നിലായി. ഈ സീസണില്‍ നാലു കളികളും ജയിച്ച ഏക ടീം സിറ്റിയാണ്.
ബേണ്‍ലി മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്റെ പടയോട്ടം. പതിനാറാം മിനിറ്റില്‍ ഗോള്‍ മടക്കിയ പുതിയ നായകന്‍ സോന്‍ ഹ്യുംഗ് മിന്‍ രണ്ടാം പകുതിയില്‍ ഹാട്രിക് തികച്ചു.
ഫുള്‍ഹമിനെതിരെ യൂലിയന്‍ അല്‍വരേസിലൂടെ സിറ്റി ലീഡ് നേടിയെങ്കിലും രണ്ടു മിനിറ്റിനകം ടിം റീം ഗോള്‍ മടക്കിയിരുന്നു. ഇടവേളക്ക് അല്‍പം മുമ്പ് നാഥന്‍ അകെ ലീഡ് വീണ്ടെടുത്തു. രണ്ടാം പകുതിയിലായിരുന്നു ഹാളന്റിന്റെ മൂന്നു ഗോളും. 58, 70, ഇഞ്ചുറി ടൈമുകളിലായി ഹാട്രിക് തികച്ചു. രണ്ടാമത്തെ ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു.
ആവേശകരമായ പോരാട്ടത്തില്‍ ബ്രന്റ്ഫഡും ബോണ്‍മൗത്തും നാലു ഗോള്‍ പങ്കിട്ടു. 88ാം മിനിറ്രില ഗോളോടെ ബോണ്‍മൗത്ത് 2-1 ലീഡ് നേടിയെങ്കിലും ഇഞ്ചുറി ടൈമില്‍ ബേണ്‍ലി തിരിച്ചടിച്ചു.