കൊല്‍ക്കത്ത - ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും ബദ്ധവൈരികളായ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും ഈസ്റ്റ്ബംഗാളും ലോകത്തെ തന്നെ പഴക്കമേറിയ ടൂര്‍ണമെന്റുകളിലൊന്നായ ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഞായറാഴ്ച ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ യുവഭാരതി ക്രിരംഗനിലാണ് 132ാമത് ഡ്യൂറന്റ് കപ്പിന്റെ കലാശപ്പോരാട്ടം. ചാമ്പ്യന്മാര്‍ക്ക് മൂന്ന് ട്രോഫികളാണ് ഉയര്‍ത്താനാവുക.
ഇതേ ടീമുകള്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നന്ദകുമാര്‍ ശേഖറിന്റെ ഗോളില്‍ ഈസ്റ്റ്ബംഗാളാണ് ജയിച്ചത്. എന്നാല്‍ നോക്കൗട്ട് റൗണ്ടുകളില്‍ മുംബൈ സിറ്റിയെയും ഗോവ എഫ്.സിയെയും പോലുള്ള വമ്പന്മാരെ മോഹന്‍ബഗാന് മറികടക്കേണ്ടി വന്നു. ഗോകുലം കേരളയെയും നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെയുമാണ് ഈസ്റ്റ്ബംഗാള്‍ തോല്‍പിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകള്‍ വരെ നോര്‍ത്ഈസ്റ്റായിരുന്നു മുന്നില്‍.