പള്ളിക്കെലെ (കാന്‍ഡി) - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 267 റണ്‍സ്. പെയ്‌സ്ബൗളിംഗിന്റെ മായാജാലം കാഴ്ചവെച്ച പാക്കിസ്ഥാന്‍ ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ.യെ 266 ന് ഓളൗട്ടാക്കി. ശാഹീന്‍ ഷാ അഫ്‌രീദിയും (10-2-35-3) ഹാരിസ് റഊഫും (9-0-58-3) മുന്‍നിര തകര്‍ത്തപ്പോള്‍ നസീം ഷാ (8.5-0-36-3) വാലറ്റത്തെ ഒതുക്കി. പതിനഞ്ചാം ഓവറില്‍ നാലിന് 66 ലേക്ക് തകര്‍ന്ന ഇന്ത്യയെ ഇശാന്‍ കിഷനും (81 പന്തില്‍ 82) ഹാര്‍ദിക് പാണ്ഡ്യയും (90 പന്തില്‍ 87) കരകയറ്റി. 22 ഓവറോളം പാക്കിസ്ഥാന്‍ ബൗളിംഗ് ചെറുത്തുനിന്ന ഇരുവരും 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കും മുമ്പെ ഇരുവരെയും പാക്കിസ്ഥാന്‍ പുറത്താക്കി. രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയുമായി കുതിച്ച ഇശാനെ ഹാരിസ് റഊഫിന്റെ ബൗളിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മിഡോണില്‍ പിടിച്ചു. സെഞ്ചുറിയടുത്തതോടെ വേഗം കൂട്ടിയ ഹാര്‍ദിക്കിനെ ശാഹീന്‍ ഷാ അഫ്‌രീദി മടക്കി. ഒരു സിക്‌സറും ഏഴ് ബൗണ്ടറിയുമുണ്ട് ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സില്‍.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പത്തോവറില്‍ 48 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു.
നാലോവര്‍ വരെ സൂക്ഷ്മതയോടെ ഇന്ത്യ ബാറ്റ് ചെയ്തതായിരുന്നു. ശാഹീന്‍ ഷാ അഫരീദിയുടെ അഞ്ചാം ഓവറിലെ രണ്ട് പന്ത് കഴിയുമ്പോഴേക്കും മഴ കാരണം അര മണിക്കൂറോളം കളി തടസ്സപ്പെട്ടു.
കളി പുനരാരംഭിച്ച ശേഷം മൂന്നാമത്തെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (11 പന്തില്‍ 11) ശാഹീന്‍ ബൗള്‍ഡാക്കി. നസീം ഷായെ ബൗണ്ടറി കടത്തിയാണ് വിരാട് കോലി തുടങ്ങിയത്. എന്നാല്‍ അടുത്ത ഓവറില്‍ കോലി (4) സ്വന്തം സ്റ്റമ്പിലേക്ക് ശാഹീന്റെ പന്ത് വലിച്ചിട്ടു. ദീര്‍ഘനാളിനു ശേഷമുള്ള തിരിച്ചുവരവില്‍ ശ്രേയസ് അയ്യര്‍ (9 പന്തില്‍ 14) ഹാരിസ് റഊഫിനെ രണ്ടു തവണ അതിര്‍ത്തി കടത്തി. ഹാരിസ് റഊഫ് നിയന്ത്രണമില്ലാതെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ 12 റണ്‍സ് വഴങ്ങി. എന്നാല്‍ ഹാരിസിന്റെ രണ്ടാം ഓവറില്‍ പുള്‍ ഷോട്ടിന് ശ്രമിക്കവെ മിഡ് വിക്കറ്റില്‍ ഫഖര്‍ സമാന് ക്യാച്ച് നല്‍കി.
ഇന്ത്യ മുഹമ്മദ് ഷമിയെയും പ്രസിദ്ധ് കൃഷ്ണയെയും പുറത്തിരുത്തി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തി.