മിത്രോവിച് ഹാട്രിക്, ജിദ്ദ ത്രില്ലറില്‍ ഹിലാല്‍

ജിദ്ദ -സൗദി പ്രൊ ലീഗ് ഫുട്‌ബോളിലെ ത്രസിപ്പിച്ച പോരാട്ടത്തില്‍ രണ്ടു തവണ ലീഡ് നേടിയ അല്‍ഇത്തിഹാദിനെ അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ തകര്‍പ്പന്‍ ഹാട്രിക്കില്‍ അല്‍ഹിലാല്‍ 4-3 ന് തോല്‍പിച്ചു. പതിനാറാം മിനിറ്റില്‍ റൊമാരിഞ്ഞോയും മുപ്പത്തെട്ടാം മിനിറ്റില്‍ കരീം ബെന്‍സീമയും ഇടവേളക്ക് സെക്കന്റുകള്‍ മുമ്പ് അബ്ദറസാഖ് ഹംദല്ലയും ഇത്തിഹാദിന് 3-1  ലീഡ് സമ്മാനിച്ചതായിരുന്നു. 
ഗാലറി നല്‍കിയ ആവേശത്തില്‍ ഇടവേളക്കു ശേഷം ഇത്തിഹാദായിരുന്നു ആധിപത്യം തുടര്‍ന്നത്. എന്നാല്‍ അപ്രതീക്ഷിത ഗോളോടെ അല്‍ഹിലാല്‍ അതിശക്തമായി തിരിച്ചുവന്നു. ഇരുപതാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ മിത്രോവിച് 60, 65 മിനിറ്റുകളിലായി ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ സ്‌കോര്‍ തുല്യമായി. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. എഴുപത്തൊന്നാം മിനിറ്റില്‍ മറ്റൊരു സെര്‍ബ് താരം മിലിന്‍കോവിച് സാവിച്ചിന്റെ ക്രോസ് ഹെഡ് ചെയ്ത് സാലിം അല്‍ദോസരി വിജയ ഗോള്‍ കണ്ടെത്തിയതോടെ അതുവരെ ആര്‍ത്തിരമ്പിയ ഗാലറി നിശ്ശബ്ദമായി. 
താരസമ്പന്നമായ പുതിയ സീസണിലെ ആദ്യത്തെ പ്രധാന പോരാട്ടം പ്രതീക്ഷകളെ കവച്ചുവെച്ചു. നെയ്മാര്‍ x ബെന്‍സീമ പോരാട്ടമായാണ് ആരാധകര്‍ മത്സരത്തെ കണ്ടത്. എന്നാല്‍ പരിക്ക് ഭേദമാവാത്തതിനാല്‍ നെയ്മാര്‍ ഇറങ്ങിയില്ല. മിത്രോവിച്ചിന്റെ ആദ്യത്തെ ഗോള്‍ ഈ സീസണിലെ മികച്ച ഗോളിന് പരിഗണിക്കപ്പെടും. 
നിലവിലെ ചാമ്പ്യന്മാരായ ഇത്തിഹാദ് ആദ്യ നാലു കളികളും ജയിച്ച് ഒന്നാം സ്ഥാനത്തായിരുന്നു. ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. എന്നാല്‍ ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തില്‍ അവരെ മുട്ടുകുത്തിക്കാന്‍ ഹിലാലിന് സാധിച്ചു. ഈ ജയത്തോടെ ഹിലാല്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 
 

Latest News