സൗദി ലീഗിലെ കളിക്കാര്‍, സെനഗാല്‍ കോച്ച് നിലപാട് മാറ്റി

ദാകാര്‍ - സൗദി ലീഗില്‍ കളിക്കുന്ന ദേശീയ ക്യാപ്റ്റന്‍ സാദിയൊ മാനെയുള്‍പ്പെടെ കളിക്കാരെ സെനഗാല്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിലപാട് കോച്ച് ആലിയു സിസെ മാറ്റി. അഞ്ച് സൗദി ലീഗ് കളിക്കാരെ സിസെ ടീമിലുള്‍പെടുത്തി. അള്‍ജീരിയയെ സൗഹൃദ മത്സരത്തില്‍ നേരിടാനിരിക്കുകയാണ് സെനഗാല്‍. സൗദി ലീഗിന്റെ ഗുണനിലവാരം സംശയിച്ചാണ് നേരത്തെ തീരുമാനമെടുത്തതെന്നും ലീഗ് മത്സരങ്ങള്‍ കണ്ടപ്പോള്‍ നിലപാട് മാറിയെന്നും സിസെ പറഞ്ഞു. ലോക ഫുട്‌ബോളിലെ തന്നെ മികച്ച കളിക്കാര്‍ ആ ലീഗിലുണ്ട്. അഞ്ചാറു വര്‍ഷം മുമ്പുള്ള സൗദി ലീഗല്ല ഇപ്പോഴത്തേത് -സിസെ വിശദീകരിച്ചു. 
അന്നസ്‌റില്‍ കളിക്കുന്ന മാനെ, ഗോള്‍കീപ്പര്‍ എഡ്വേഡ് മെന്‍ഡി, ഡിഫന്റര്‍ ഖാലിദു കൂലിബാലി, അബ്ദു ദിയാലൊ, ഹബീബ് ദിയാലൊ എന്നീ സൗദി ലീഗ് കളിക്കാരാണ് സെനഗാല്‍ ടീമിലുള്ളത്.
 

Latest News