ലാഹോര്‍ - ലോക അത്‌ലറ്റിക്‌സില്‍ നീരജ് ഭായി സ്വര്‍ണം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് വെള്ളി കരസ്ഥമാക്കിയ പാക്കിസ്ഥാന്‍ ജാവലിന്‍ ത്രോ താരം അര്‍ഷദ് നദീം. ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അര്‍ഷദ് മനസ്സ് തുറന്നു.
രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലെ കളിക്കാരാണ് സ്വര്‍ണവും വെള്ളിയും നേടിയത്. സാഫ് ചാമ്പ്യന്‍ഷിപ്പിന് ഞാന്‍ ഗുവാഹതിയില്‍ പോയിരുന്നു. അന്ന് നീരജ് സ്വര്‍ണവും ഞാന്‍ വെങ്കലവുമാണ് നേടിയത്. മത്സരങ്ങളില്‍ പങ്കെടുക്കുന്തോറും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം ശക്തമായി.
പാക്കിസ്ഥാന്‍ കളിക്കാരനെ തോല്‍പിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നീരജിന്റെ അമ്മ നല്‍കിയ മറുപടിയില്‍ അര്‍ഷദ് നന്ദി പറഞ്ഞു. അര്‍ഷദ് തനിക്ക് മകനെപ്പോലെയാണെന്ന് നീരജിന്റെ അമ്മ പറഞ്ഞിരുന്നു. ഇത്തരം ചിന്തകളാണ് രണ്ട് രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നത്. അതാണ് പോസിറ്റിവ് ഊര്‍ജം പകരുന്നത്. നീരജിന്റെ അമ്മയെ മാത്രമല്ല ഈ നേട്ടത്തിന് ഇന്ത്യന്‍ ജനതയെ മൊത്തം അഭിനന്ദിക്കുകയാണ് -അര്‍ഷദ് പറഞ്ഞു.
ഫൈനലിനു ശേഷം പാക്കിസ്ഥാന്‍ പതാകയില്ലാതെ താന്‍ നീരജിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിനെക്കുറിച്ച് അര്‍ഷദ് വിശദീകരിച്ചു. മത്സരം അവസാനിച്ച ശേഷം എല്ലാവരും ബാഗ് പാക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് നീരജ് വിളിച്ചത്. ഞാന്‍ ഫോട്ടോക്ക് നിന്നു. പിന്നീട് പാക്കിസ്ഥാന്‍ പതാകയേന്തിയും ഫോട്ടോയുണ്ടായിരുന്നു. നീരജ് ചോപ്രയാണോ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചോദിച്ചപ്പോള്‍ അര്‍ഷദ് നദീമിന് ഏറ്റവും വലിയ വെല്ലുവിളി അര്‍ഷദ് നദീം തന്നെയാണെന്ന് താരം പ്രതികരിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഞാന്‍ ശ്രമിക്കാറ്. മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് നോക്കാനല്ല. നീരജിന് ലോകോത്തര പരിശീലന സംവിധാനങ്ങളുണ്ട്. എനിക്ക് ഇല്ല. നല്ല ഗ്രൗണ്ടുകള്‍ പോലും ദുര്‍ലഭമാണ്. നല്ല കോച്ചിനെയും ആവശ്യമുണ്ട്. പാരിസ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടണമെന്നാണ് ആഗ്രഹം. എന്നോടൊപ്പം വിജയപീഠത്തില്‍ നീരജ് ഭായിയും വേണമെന്നാണ് ആഗ്രഹമുണ്ട് -അര്‍ഷദ് പറഞ്ഞു.






