ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത ടീമിന് സായിയില്‍ സ്വീകരണം

തിരുവനന്തപുരം -  ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ ടീമിനെയും പരിശീലകരെയും സായ് എല്‍.എന്‍.സി.പി.ഇയില്‍ ആദരിച്ചു. 
ഇന്ത്യക്ക് അഭിമാനം നേട്ടം സമ്മാനിച്ച മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍,  രാജേഷ് രമേഷ്, മിജോ ചാക്കോ കുര്യന്‍, അരുല്‍ രാജ ലിങ്കാം, സന്തോഷ് കുമാര്‍ എന്നീ താരങ്ങളെയും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായ ജേസന്‍ ഡാവ്‌സന്‍, എം.കെ രാജ്‌മോഹന്‍, ദിമിത്രി കിസലേവ്, എല്‍മിറ കിസലേവ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 
ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെന്ന് ഉദ്ഘാടകനാ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റെക്കോഡ് നേട്ടത്തിന് താരങ്ങളെ സജ്ജമാക്കിയതില്‍ സായിക്ക് ഏറെ അഭിമാനമുണ്ടെന്ന് എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പലും റീജണല്‍ ഹെഡുമായ ഡോ ജി കിഷോര്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ റിലേ ടീം സ്വര്‍ണം നേടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ആദില്‍  സുമരിവാല താരങ്ങളെ അഭിനന്ദിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News