റിയാദ് - പി.എസ്.ജിയുടെ ഡച്ച് ഇന്റര്‍നാഷനല്‍ മിഡ്ഫീല്‍ഡര്‍ സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖില്‍ ചേര്‍ന്നു. ലൂയിസ് എന്റിക്വെ കോച്ചായി വന്നതോടെ മുപ്പത്തിരണ്ടുകാരന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ലിവര്‍പൂളില്‍ വൈനാള്‍ഡത്തോടൊപ്പം കളിച്ച ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ ഇപ്പോള്‍ ഇത്തിഫാഖിലാണ്. കഴിഞ്ഞ സീസണില്‍ പി.എസ്.ജി ലോണില്‍ വൈനാള്‍ഡത്തെ റോമക്ക് കൈമാറിയിരുന്നു. എന്നാല്‍ പരിക്കുകള്‍ അലട്ടിയതോടെ ആകെ 23 മത്സരങ്ങളേ കളിച്ചുള്ളൂ.
ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനായി സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് 15 കോടി പൗണ്ടിന്റെ പുതിയ ഓഫര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ താരത്തെ കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ് കോച്ച് യൂര്‍ഗന്‍ ക്ലോപ്.
കെവിന്‍ ഡിബ്രൂയ്‌നെക്ക് പരിക്കേറ്റതും ഇല്‍കേ ഗുണ്ടോഗന്‍ ടീം വിട്ടതും പരിഗണിച്ച് പോര്‍ചുഗീസ് ഇന്റര്‍നാഷനല്‍ മാത്യൂസ് നൂനസിനെ വുള്‍വര്‍ഹാപ്റ്റനില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി റാഞ്ചി. തുര്‍ക്കി ഗോള്‍കീപ്പര്‍ അല്‍തായ് ബയിന്ദിറിനെ ഫെനര്‍ബാച്ചെയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി. യുനൈറ്റഡ് ജഴ്‌സിയിടുന്ന ആദ്യ തുര്‍ക്കി കളിക്കാരനാവും അല്‍തായ്.
ഭാവി വാഗ്ദാനമായി കരുതപ്പെട്ട അന്‍സു ഫാത്തിയെ ബാഴ്‌സലോണ ഇംഗ്ലിഷ് ക്ലബ്ബ് ബ്രൈറ്റന് ലോണായി നല്‍കി. ഇറ്റലി ക്യാപ്റ്റന്‍ ലിയനാഡൊ ബോനൂച്ചി യുവന്റസ് വിട്ട് ജര്‍മനിയിലെ യൂനിയന്‍ ബെര്‍ലിനില്‍ ചേര്‍ന്നു. യുവന്റസിനായി അഞ്ഞൂറിലേറെ മത്സരങ്ങള്‍ ഡിഫന്റര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കോച്ച് മാസിമിലിയാനൊ അലെഗ്രിയുടെ പദ്ധതിയില്‍ ബോനൂച്ചി ഇല്ല.






