കാന്‍ഡി - വിജയസാധ്യതയില്‍ ഇന്ത്യയാണ് അല്‍പം മുന്നിലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടറും കോച്ചുമായിരുന്ന രവിശാസ്ത്രി. 2011 ല്‍ ലോകകപ്പ് നേടിയ ടീമിനു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച നിരയാണ് ഇപ്പോഴത്തേത്. പരിചയസമ്പന്നനായ ക്യാപ്റ്റനാണ്. എന്നാല്‍ സമീപകാലത്ത് പാക്കിസ്ഥാന്‍ വിടവ് ഏറെ കുറച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യക്കാണ് വിജയസാധ്യത. കഴിവിനൊത്ത് അവര്‍ കളിക്കണമെന്നു മാത്രം -ശാസ്ത്രി പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ അതിസമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ കളിക്കാരുടെ ഫോമിനെക്കാള്‍ മനോദാര്‍ഢ്യമാണ് പ്രധാനം. ശാന്തരായി കളിക്കാനാവണം. മറ്റേതു കളിയും പോലെ ഇതിനെ കാണാനാവണം. ആവേശം തലക്കു പിടിച്ചാല്‍ ചിന്ത മാറും. മറ്റേതു മത്സരത്തിലും പോലെ കളിക്കുകയാണ് പ്രധാനം. എന്നാല്‍ സമ്മര്‍ദ്ദവും പിരിമുറുക്കവും മാറ്റിനിര്‍ത്താനാവില്ല. അവിടെയാണ് മനോദാര്‍ഢ്യത്തിന്റെ പ്രാധാന്യം. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ ഫോമിലല്ലാത്ത ചില കളിക്കാര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ കളികളില്‍ മികവ് കാട്ടിയേക്കും. ഇതുപോലുള്ള കളികളാണ് ചിലരെ ഉത്തേജിപ്പിക്കുക. രണ്ട് ടീമിലെയും കളിക്കാരുടെ നിര വിസ്മയിപ്പിക്കുന്നതാണെന്ന് ശാസ്ത്രി പറഞ്ഞു.
തുടക്കം മുതലാക്കുന്നതില്‍ മറ്റു കളിക്കാര്‍ ബാബര്‍ അസമിനെ കണ്ടുപഠിക്കണമെന്ന് ശാസ്ത്രി നിര്‍ദേശിച്ചു. 30-40 ലെത്തിയാല്‍ സെഞ്ചുറി നേടിയേ ബാബര്‍ അടങ്ങൂ. മുന്‍നിരയിലൊരാള്‍ സെഞ്ചുറിയടിച്ചാല്‍ ടീം 300 കടക്കും. ഏതു ടീം നന്നായി ഫീല്‍ഡ് ചെയ്യുന്നു എന്നതും പ്രധാനമായിരിക്കും. മികച്ച ഫീല്‍ഡിംഗിലൂടെയാണ് ശ്രീലങ്ക അവസാന ഏഷ്യാ കപ്പില്‍ ചാമ്പ്യന്മാരായത്. ഫീല്‍ഡിംഗ് അല്‍പംകൂടി മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയെ പിടിച്ചാല്‍ കിട്ടില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.






