ആറു വര്‍ഷം, ആറാം ഏകദിനം; ഇന്ത്യxപാക് ആവേശം മഴയെടുക്കുമോ?

ഇന്ത്യ x പാക്കിസ്ഥാന്‍
ശനി ഉച്ച 12.30

കാന്‍ഡി - ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ശനിയാഴ്ച ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ ടീമിനാണ് വിജയസാധ്യതയെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി കരുതുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ ടീമാണ്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത ആവേശത്തിലാണ് അവര്‍. ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും ഒന്നിനൊന്ന് മികച്ചതാണ്. എന്നാല്‍ പാക്കിസ്ഥാനാണ് ബാറ്റിംഗില്‍ ആഴം. ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യം. 2017 നു ശേഷം അയല്‍ക്കാര്‍ തമ്മിലുള്ള ആറാമത്തെ ഏകദിനമാണ് ഇത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നാലും ഇന്ത്യയാണ് ജയിച്ചത്. പാക്കിസ്ഥാന്റെ ജയം 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു, ആറു വര്‍ഷം മുമ്പ്. 2019 ലെ ലോകകപ്പിലാണ് ഈ ടീമുകള്‍ അവസാനം ഏകദിന ക്രിക്കറ്റില്‍ കൊമ്പുകോര്‍ത്തത്, നാലു വര്‍ഷം മുമ്പ്. മഴ തടസ്സപ്പെടുത്തിയ ആ കളി ഇന്ത്യ 89 റണ്‍സിന് ജയിച്ചു. പള്ളിക്കലെയിലെ മത്സരത്തിന് മേലും മഴയുടെ കാര്‍മേഘങ്ങളുണ്ട്. 
ലോക ക്രിക്കറ്റില്‍ കൂടുതല്‍ വാശിയേറിയ മറ്റു പോരാട്ടങ്ങളുണ്ട്. പക്ഷെ ചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും ഇരു ടീമിലെയും കളിക്കാരുടെ ഗുണനിലവാരവും പരിഗണിക്കുമ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ കളികള്‍ വേറൊരു തലത്തിലാണ്. അപൂര്‍വമായേ ഈ ടീമുകള്‍ ഏറ്റുമുട്ടാറുള്ളൂ എന്നത് ഇന്ത്യ-പാക് മത്സരങ്ങള്‍ ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്നു. 
പരമ്പരാഗതമായി പാക്കിസ്ഥാന്റെ പെയ്‌സും ഇന്ത്യയുടെ ബാറ്റിംഗും കരുത്തുമാണ് അയല്‍പോരിന്റെ വിധി നിര്‍ണയിക്കാറ്. ഇത്തവണയും അതിനാണ് സാധ്യത. ശാഹീന്‍ ഷാ അഫ്‌രീദിയും നസീം ഷായും ഹാരിസ് റഊഫുമടങ്ങുന്ന പാക്കിസ്ഥാന്റെ ബൗളിംഗിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാനുള്ള കരുത്തുണ്ട് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും വിരാട് കോലിയുമുള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക്. ലോകകപ്പില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടാനിരിക്കെ ഏഷ്യാ കപ്പ് രുചികരമായ ആമുഖമായിരിക്കും. 
കെ.എല്‍ രാഹുല്‍ ഫിറ്റ്‌നസ് നേടിയിട്ടില്ലാത്തതിനാല്‍ ഇശാന്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ മറ്റൊരവസരം ലഭിക്കും. എന്നാല്‍ ഗില്ലും രോഹിതും ഓപണ്‍ ചെയ്യുമെന്നിരിക്കെ ഇശാന് മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടി വരും. ശ്രേയസ് അയ്യര്‍ പരിക്ക് മാറി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. ബൗളിംഗിലാണ് ഇന്ത്യയുടെ തലവേദന. ബാറ്റിംഗിന് നീളം കൂട്ടാന്‍ ശാര്‍ദുല്‍ താക്കൂറിനെ കളിപ്പിച്ചാല്‍ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരെ മാറ്റി നിര്‍ത്തേണ്ടി വരും. 
ശാഹീന്‍ ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളേ ഇന്ത്യക്കെതിരെ കളിച്ചിട്ടുള്ളൂ. രണ്ടു തവണ ശാഹീന് വിക്കറ്റെടുക്കാനായില്ല. എന്നാല്‍ മൂന്നാമത്തേതില്‍, 2021 ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ മുന്‍നിരയെ ശാഹീന്‍ തരിപ്പണമാക്കി. 
13,000 ഏകദിന റണ്‍സില്‍് ഏറ്റവും വേഗത്തിലെത്തുന്ന ബാറ്ററാവാന്‍ കോലിക്ക് ഒരു സെഞ്ചുറിയുടെ ദൂരമേയുള്ളൂ. ആദ്യ മത്സരത്തിലെ സെഞ്ചുറി ബാബര്‍ അസം ആവര്‍ത്തിച്ചാല്‍ പാക്കിസ്ഥാനു വേണ്ടി ഏറ്റവുമധികം സെഞ്ചുറിയടിച്ച സഈദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പമെത്താം (20).
 

Latest News