അബു സംറ ബോർഡർ വഴി മയക്കുമരുന്ന് കടത്ത്; നിരവധി യാത്രക്കാർ പിടിയിൽ

അബു സംറ ബോർഡറിൽ ഗുളിക രൂപത്തിലുള്ള വിവിധ തരം മയക്കുമരുന്നുകൾ കസ്റ്റംസ് പിടികൂടിയപ്പോൾ.

ദോഹ- അബു സംറ ബോർഡർ വഴിയുള്ള യാത്രക്കാരിൽ നിന്ന് ഗുളിക രൂപത്തിലുള്ള വിവിധ തരം മയക്കുമരുന്നുകൾ പിടികൂടി. 
അറിഞ്ഞോ അറിയാതെയോ ഉള്ള ഇത്തരം മയക്കുമരുന്ന് കടത്തുകളിൽ പങ്കാളികളായാൽ ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന് പ്രവാസികളടക്കമുള്ളവർക്ക്  അധികൃതർ മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ സ്വകാര്യ ബാഗുകളിൽ നിന്നും ചില കേസുകളിൽ അവരുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വിവിധ തരം മയക്കമരുന്നുകൾ പിടികൂടിയത്.
യാത്രക്കാരുടെ ബാഗുകൾക്കുള്ളിൽ നിന്ന് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ 11 ലിറിക്ക മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി. അധികൃതർ യാത്രക്കാരിൽ കൂടുതൽ പരിശോധന നടത്തിയപ്പോൾ ഏകദേശം 121 ഗ്രാം ഹാഷിഷും 45 വ്യത്യസ്ത തരം മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി. വിവിധ തരത്തിലുള്ള 45 മയക്കുമരുന്ന് ഗുളികകൾ അവരുടെ ശരീരത്തിനുള്ളിൽ പല ഭാഗങ്ങളിലായി രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ തിരിച്ചറിയാനും വിദഗ്ധ പരിശീലനം നേടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിടിക്കപ്പെട്ടാൽ ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags

Latest News