സൂറിക്കില്‍ നീരജിന് വെള്ളി, ശ്രീശങ്കര്‍ അഞ്ചാം സ്ഥാനത്ത്

സൂറിക് - ഒളിംപിക്, ലോക ജാവലിന്‍ ത്രോ ചാമ്പ്യന്‍ നീരജ് ചോപ്ര സൂറിക് ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. പൂര്‍ണ ഫിറ്റ്‌നസുണ്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്ഷീണം മാറാത്തതിനാല്‍ പൂര്‍ണ കരുത്തില്‍ എറിഞ്ഞില്ലെന്ന് നീരജ് വെളിപ്പെടുത്തി. ലോംഗ്ജമ്പില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയ മുരളി ശ്രീശങ്കര്‍ ഇത്തവണയും എട്ട് മീറ്റര്‍ കടന്നില്ല. 7.99 മീറ്ററുമായി മലയാളി താരം അഞ്ചാമതായി. 
ബുഡാപെസ്റ്റില്‍ ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ നീരജിനെ സൂറിക്കില്‍ ചെക് റിപ്പബ്ലിക്കിന്റെ യാഖുബ് വെയ്ദിലേഷാണ് മറികടന്നത്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാം സ്ഥാനത്തെത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെയ്ദിലേഷിന് വെങ്കലവും വെബര്‍ക്ക് നാലാം സ്ഥാനവുമായിരുന്നു. 
ആദ്യ ഏറില്‍ 80.79 മീറ്റര്‍ എറിഞ്ഞ നീരജ് അഞ്ചാം സ്ഥാനത്തായിരുന്നു. അടുത്ത രണ്ട് ഏറുകള്‍ ഫൗളായി. നാലാം ഏറിലെ 85.22 മീറ്ററോടെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ഏറില്‍ 85.71 മീറ്ററോടെ വെയ്ദിലേഷിന് 15 സെന്റിമീറ്റര്‍ പിന്നിലെത്തി. വെബര്‍ 85.04 മീറ്റര്‍ എറിഞ്ഞു. 
എല്ലാവരും ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്ഷീണത്തിലാണെന്നും എങ്കിലും 100 ശതമാനം കരുത്തോടെ എറിഞ്ഞുവെന്നും നീരജ് പറഞ്ഞു. എന്നാല്‍ പരിക്കേല്‍ക്കാതിരിക്കുക എന്നതിലായിരുന്നു ഇവിടെ ശ്രദ്ധിച്ചത്. യൂജിന്‍ ഡയമണ്ട് ലീഗും ഏഷ്യന്‍ ഗെയിംസും വരാനിരിക്കുന്നുണ്ട്. ശരീരത്തിന്റെ സൂചന മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ അധികം ആവേശം കാട്ടിയില്ല -ഇരുപത്തഞ്ചുകാരന്‍ വ്യക്തമാക്കി. 
ഈ മാസം 17 നാണ് യൂജിനില്‍ ഡയമണ്ട് ലീഗ് ഫൈനല്‍. മൂന്ന് മത്സരങ്ങളില്‍ 23 പോയന്റുമായി നീരജ് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡയമണ്ട് ലീഗ് ട്രോഫി നീരജിനായിരുന്നു. ഇത്തവണ ദോഹയിലും ലൊസേനിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 
കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡലുകാരനായ ശ്രീശങ്കര്‍ 7.99 മീറ്ററോടെ തുടങ്ങിയെങ്കിലും ആ ദൂരം മെച്ചപ്പെടുത്താനായില്ല. ഒളിംപിക്, ലോക ചാമ്പ്യന്‍ ഗ്രീസിന്റെ മില്‍റ്റിയാഡിസ് ടെന്‍ഡോഗ്ലു 8.20 മീറ്റര്‍ ചാടി ഒന്നാമതെത്തി. ജര്‍മനിയുടെ തജായ് ക്ലാര്‍ക്കും (8.07 മീ.) അമേരിക്കയുടെ ജരിയര്‍ ലോസനും (8.07 മീ.) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 
 

Latest News