അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന 'കത്തനാര്‍: ദ് വൈല്‍ഡ് സോര്‍സറര്‍' എന്ന സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്ത്. 'ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍', 'ജോ ആന്‍ഡ് ദ് ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. അനുഷ്‌കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.
ഇന്ത്യന്‍ സിനിമയില്‍ നാഴികകല്ലായി മാറാന്‍ ഒരുങ്ങുന്ന സിനിമയുടേതായി എത്തിയിരിക്കുന്ന ആദ്യ ദൃശ്യങ്ങള്‍ പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ഗ്ലിംപ്‌സ്.
മലയാളത്തില്‍ വരാനിരിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കത്തനാര്‍'. വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയില്‍ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.






