സി.എസ്.കെ ജോഡി തുണച്ചു, ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം

പള്ളിക്കെലെ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ആതിഥേയര്‍ക്ക് വന്‍ വിജയം. 42.4 ഓവറില്‍ 164 ന് ഓളൗട്ടായ ബംഗ്ലാദേശിനെതിരെ തുടക്കത്തില്‍ പതറിയെങ്കിലും സദീര സമരവിക്രമ-ചരിത അസലെങ്ക കൂട്ടുകെട്ട് ശ്രീലങ്കയെ അഞ്ചു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. പത്തോവറോളം ശേഷിക്കെയാണ് ശ്രീലങ്കയുടെ ജയം. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. ആറോവറില്‍ 21 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകള്‍ കൈവിട്ട അവര്‍ 164 ന് ഓളൗട്ടായി. ടീമിന്റെ പകുതിയിലേറെ റണ്‍സും സ്‌കോര്‍ ചെയ്തത് മൂന്നാമനായി ഇറങ്ങിയ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയാണ് (122 പന്തില്‍ 89). ഷാന്‍ഡോയെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍ മുഹമ്മദ് നഈം (16), തൗഹീദ് ഹൃദയ് (20), മുശ്ഫിഖുറഹീം (13) എന്നിവര്‍ മാത്രമാണ്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗസ് താരങ്ങളായ പെയ്‌സ്പബൗളര്‍ മതീഷ പതിരണയും (7.4-0-32-4) സ്പിന്നര്‍ മഹീഷ് തീക്ഷണയും (8-1-19-2) ആറ് വിക്കറ്റ് പങ്കുവെച്ചു. പതിരണയുടെ യോര്‍ക്കറുകള്‍ നേരിടാന്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടു. 
ശ്രീലങ്കയുടെ തുടക്കവും കേമമായില്ല. ഓപണര്‍ ദിമുത് കരുണരത്‌നെയും (1) വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും (5) രണ്ടോവര്‍ പിന്നിടുമ്പോഴേക്കും പുറത്തായി. ഓപണര്‍ പത്തും നിസങ്കയും (14) മടങ്ങിയതോടെ പത്തോവറില്‍ മൂന്നിന് 43 ആയിരുന്നു സ്‌കോര്‍. പിന്നീട് സദീരയും (77 പന്തില്‍ 54) ചരിതയും (92 പന്തില്‍ 62 നോട്ടൗട്ട്) കടിഞ്ഞാണേറ്റെടുത്തു. ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനാണ് (10-2-29-2) ശ്രീലങ്കയെ വെള്ളം കുടിപ്പിച്ചത്. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റ ഓപണര്‍ തന്‍സീദ് ഹസനെ (0) നഷ്ടപ്പെട്ടു. തീക്ഷണയില്‍ നിന്ന് നേരിട്ട രണ്ടാമത്തെ പന്തില്‍ തന്‍സീദ് എല്‍.ബി.ഡബ്ല്യു ആയി. ശാഖിബുല്‍ ഹസനെ (5) പതിരണ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. പരിചയസമ്പന്നനായ മുശ്ഫിഖുറഹീമിനും ടീമിനെ ചുമലിലേറ്റാനായില്ല. പതിരണയുടെ ബൗളിംഗില്‍ തേഡ്മാനില്‍ പിടികൊടുത്തു. ഷാന്‍ഡൊ ഇല്ലാത്ത റണ്ണിനോടി പുറത്താവേണ്ടതായിരുന്നു. എന്നാല്‍ മെഹ്ദി ഹസന്‍ മിറാസ് തന്റെ വിക്കറ്റ് സീനിയര്‍ പാര്‍്ടണര്‍ക്കായി ബലി കഴിച്ചു. 
 

Latest News