ബാഴ്‌സലോണ - സ്പാനിഷ് വനിതാ ഫുട്‌ബോളിലെ ചുംബന വിവാദത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലിസിന് പിന്നാലെ കോച്ച് ജോര്‍ജെ വില്‍ദക്കും തൊപ്പി തെറിച്ചേക്കും. സ്‌പെയിന്‍ ടീം വനിതാ ലോകകപ്പ് നേടിയ ശേഷം സമ്മാനദാനച്ചടങ്ങില്‍ മിഡ്ഫീല്‍ഡര്‍ ജെന്നി ഹെര്‍മോസോയെ ചുണ്ടില്‍ ചുംബിച്ചതിന്റെ പേരില്‍ റുബിയാലിസിനെ ഫിഫ സസ്‌പെന്റ് ചെയ്തിരുന്നു.
സ്‌പെയിനിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചെങ്കിലും വില്‍ദ നേരത്തെ തന്നെ വിവാദ നായകനാണ്. ലോകകപ്പിന് മുമ്പ് 15 കളിക്കാരികള്‍ വില്‍ദയുടെ പെരുമാറ്റത്തില്‍ രോഷം പ്രകടിപ്പിച്ച് കലാപമുയര്‍ത്തിയപ്പോള്‍ റുബിയാലിസും സ്പാനിഷ് സോക്കര്‍ ഫെഡറേഷനും കോച്ചിന് പിന്നില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കളിക്കാരികള്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും അതില്‍ മൂന്നു പേരെ മാത്രമേ വില്‍ദ ടീമിലേക്ക് തിരിച്ചെടുത്തുള്ളൂ. അതിലൊരാള്‍ വനിതാ ലോകകപ്പിലെ മികച്ച കളിക്കാരിയായ അയ്താന ബോണ്‍മതിയാണ്. സ്‌പെയിന്‍ ടീം ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ നാല്‍പത്തിരണ്ടുകാരനൊപ്പം ആഘോഷിക്കാന്‍ കളിക്കാരികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ചുംബനത്തെ ന്യായീകരിച്ച് ഫെഡറേഷന്‍ യോഗത്തില്‍ പ്രസംഗിച്ച റുബിയാലിസിനെ വില്‍ദ കൈയടിച്ച് പിന്തുണച്ചിരുന്നു. എന്നാല്‍ റുബിയാലിസിനെ ഫിഫ സസ്‌പെന്റ് ചെയ്ത ശേഷം അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തി.
കളിക്കാരികളുടെ ഷോപ്പിംഗ് ബാഗുകള്‍ പരിശോധിക്കുക, ക്യാമ്പ് നടക്കുന്ന സമയങ്ങളില്‍ കളിക്കാരികള്‍ മുറി അടക്കരുതെന്ന് നിര്‍ദേശിക്കുക തുടങ്ങി വില്‍ദയുടെ നടപടികള്‍ വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.






