കൊച്ചി- 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. എഫ്.സി കേരളയുടെ പി.കെ അസീസാണ് സഹപരിശീലകന്‍. ഗോള്‍കീപ്പിംഗ് കോച്ചായി ഹര്‍ഷല്‍ റഹ്മാനെയും നിയമിച്ചിട്ടുണ്ട്. മലപ്പുറത്ത് ആരംഭിക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കുക.
ഈ വര്‍ഷം അവസാനമാണ് സന്തോഷ് ട്രോഫി അരങ്ങേറുക. ഒക്ടോബറില്‍ നടക്കുന്ന പ്രാഥമിക റൗണ്ടില്‍ ഗോവ, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് ടീമുകള്‍ക്കൊപ്പമാണ് കേരളം. ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോളിനുള്ള കേരളാ ടീമിനെയും സതീവന്‍ ബാലന് ഒരുക്കും.
2018ല്‍ സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിന്റെ പരിശീകനാണ് സതീവന്‍ ബാലന്. കാലിക്കറ്റ് സര്‍വകലാശാല ഫുട്ബോള്‍ ടീമിനെ അഖിലേന്ത്യാ ജേതാക്കളാക്കിയ ഈ തിരുവന്തപുരം സ്വദേശി അണ്ടര്‍-19 ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനവും വഹിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് അസി.കോച്ച് ടി.ജി പുരുഷോത്തമന്, ശ്രീനിധി ഡെക്കാന്‍ പരിശീലകന് ഷഫീഖ് ഹസന്, മുന്‍ കോച്ച് ബിനോ ജോര്‍ജ്, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ് എന്നിവരെയും സതീവന്‍ ബാലനൊപ്പം കെ.എഫ്.എ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2021ല്‍ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം കഴിഞ്ഞ തവണ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. പി.ബി രമേശ് ആയിരുന്നു പരിശീലകന്.






