21 റണ്‍സിന് അഞ്ച് വിക്കറ്റ്, ബംഗ്ലാദേശ് തകര്‍ന്നു

പള്ളിക്കെലെ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ശ്രീലങ്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ആറോവറില്‍ 21 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ കൈവിട്ട അവര്‍ 42.4 ഓവറില്‍ 164 ന് ഓളൗട്ടായി. ടീമിന്റെ പകുതിയിലേറെ റണ്‍സും സ്‌കോര്‍ ചെയ്തത് മൂന്നാമനായി ഇറങ്ങിയ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയാണ് (122 പന്തില്‍ 89). ഷാന്‍ഡോയെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍ മുഹമ്മദ് നഈം (16), തൗഹീദ് ഹൃദയ് (20), മുശ്ഫിഖുറഹീം (13) എന്നിവര്‍ മാത്രമാണ്. മതീഷ പതിരണയും (7.4-0-32-4) മഹീഷ് തീക്ഷണയും (8-1-19-2) ആറ് വിക്കറ്റ് പങ്കുവെച്ചു. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ തന്‍സീദ് ഹസനെ (0) നഷ്ടപ്പെട്ടു. തീക്ഷണയില്‍ നിന്ന് നേരിട്ട രണ്ടാമത്തെ പന്തില്‍ തന്‍സീദ് എല്‍.ബി.ഡബ്ല്യു ആയി. ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനെ (5) പതിരണ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. പരിചയസമ്പന്നനായ മുശ്ഫിഖുറഹീമിനും ടീമിനെ ചുമലിലേറ്റാനായില്ല. പതിരണയുടെ ബൗളിംഗില്‍ തേഡ്മാനില്‍ പിടികൊടുത്തു.
 

Latest News