കൊച്ചി - ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുന്ന കാര്യം സ്‌പോര്‍ട്‌സ് മന്ത്രി ചര്‍ച്ച ചെയ്യുമ്പോഴും കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ സാമ്പത്തിക പരാധീനതയില്‍. മത്സരങ്ങള്‍ വെട്ടിക്കുറക്കുന്നതിനായി അന്തര്‍ ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നോക്കൗട്ടായി നടത്താന്‍ കെ.എഫ്.എ തീരുമാനിച്ചു. ശനിയാഴ്ച മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് സീനിയര്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് ഈ ടൂര്‍ണമെന്റില്‍ വെച്ചാണ്. എന്നാല്‍ 14 ടീമുകളില്‍ പകുതിക്കും ഒരു മത്സരമേ കളിക്കാനാവൂ. അതുകൊണ്ട് തന്നെ മികച്ച കളിക്കാരെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ ബുദ്ധിമുട്ടും.
ജൂനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടത്തിയത്. എന്നാല്‍ സീനിയര്‍ ടൂര്‍ണമെന്റ് അതേ രീതിയില്‍ നടത്താന്‍ കൂടുതല്‍ ഫണ്ട് ആവശ്യമാണ്. ജൂനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ 60-70 മിനിറ്റായിച്ചുരുക്കിയാണ് നടത്തിയത്. സീനിയര്‍ ടീമുകളുടെ മത്സരങ്ങള്‍ 90 മിനിറ്റ് തന്നെ നടത്തണം. മത്സരങ്ങള്‍ക്കിടയില്‍ 24 മണിക്കൂറെങ്കിലും വിശ്രമം അനുവദിക്കണം. അതിനാല്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയമെടുക്കും.
നോക്കൗട്ട് രീതിയില്‍ ഒമ്പത് ദിവസത്തില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാവും. ലീഗ് കം നോക്കൗട്ട് ആണെങ്കില്‍ 25 ദിവസം വരെയെടുക്കും. താമസ സൗകര്യമൊരുക്കുന്നതുള്‍പ്പെടെ ചെലവ് മൂന്നിരട്ടിയാവുമെന്ന് കെ.എഫ്.എ സെക്രട്ടറി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സന്തോഷ് ട്രോഫിക്കുള്ള ടീമിനെ കണ്ടെത്താന്‍ ഈ ടൂര്‍ണമെന്റ് മാത്രമല്ല അടിസ്ഥാനമാക്കുകയെന്നും അനില്‍കുമാര്‍ വിശദീകരിക്കുന്നു. കേരളാ പ്രീമിയര്‍ ലീഗിലും ഈ കളിക്കാരില്‍ പലരുടെയും പ്രകടനം നിരീക്ഷിച്ചതായി അദ്ദേഹം പറയുന്നു.






