മുംബൈ- വിശുദ്ധ ഉംറയും മദീന സിയാറത്തും നിർവഹിച്ച ശേഷം സൗദിയിൽനിന്ന് തിരിച്ചെത്തിയ പ്രശസ്ത ബോളിവുഡ് നടി രാഖി സാവന്ത് എന്ന ഫാത്തിമക്ക് എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ഫാത്തിമ എന്ന പേര് സ്വീകരിച്ച രാഖി ആദ്യമയാണ് ഉംറ നിർവഹിച്ചത്. വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് അവർ പറഞ്ഞു.
ആരാധകരും അഭ്യുദയകാംക്ഷികളും വലിയ തോതിലാണ് മുംബൈ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. തന്നെ സ്വാഗതം ചെയ്യാൻ തടിച്ചുകൂടിയവരോട് കൈവീശിയും നന്ദി പ്രകടിപ്പിച്ചും നടി വീട്ടിലേക്ക് മടങ്ങി.
രാഖി സാവന്തിന്റെ ഉംറ യാത്ര ആരാധകരിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കയിലും മദീനയിലും സന്ദർശനത്തിനിടെ അവർ തന്റെ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.