ന്യൂയോര്‍ക്ക് - യു.എസ് ഓപണ്‍ ടെന്നിസില്‍ ചൈനീസ് താരം ഷാംഗ് ഷിഷെന്‍ ചരിത്രമെഴുതി. ലോക അഞ്ചാം നമ്പറും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ കാസ്പര്‍ റൂഡിനെ 6-4, 5-7, 6-2, 0-6, 6-2 ന് അട്ടിമറിച്ച് ഷിഷന്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യമായാണ് ഒരു ചൈനീസ് കളിക്കാരന്‍ ലോക റാങ്കിംഗില്‍ ആദ്യ അഞ്ചിലുള്ള താരത്തെ തോല്‍പിക്കുന്നത്. ആദ്യ റൗണ്ടിലും ഷിഷെന്‍ അഞ്ച് സെറ്റിലാണ് ജയിച്ചത്. ഇതാദ്യമായി രണ്ട് ചൈനീസ് താരങ്ങള്‍ യു.എസ് ഓപണിന്റെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. വു യിബിംഗും രണ്ടാം റൗണ്ടിലുണ്ട്. ഇരുപത്താറുകാരനായ ഷിഷെംഗ് വിംബിള്‍ഡണില്‍ മുഖ്യ റൗണ്ടിലെത്തുന്ന ആദ്യ ചൈനക്കാരനായിരുന്നു. കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ മൂന്നാം റൗണ്ടിലെത്തി. റൂഡ് ഏറ്റവുമുയര്‍ന്ന എ.ടി.പി റാങ്കിംഗ് നേടിയ നോര്‍വെ താരമായിരുന്നു.






