ഫോര്‍ട് ലോഡര്‍ഡേല്‍ - ലിയണല്‍ മെസ്സി ക്ലബ്ബിലെത്തിയ ശേഷം വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുകയായിരുന്ന ഇന്റര്‍ മയാമി ആദ്യമായി സമനില വഴങ്ങി. നാഷ്‌വൈലിനെതിരായ എം.എസ്.എല്‍ മത്സരത്തില്‍ മെസ്സിക്ക് സ്‌കോര്‍ ചെയ്യാനായില്ല. മയാമി ഗോള്‍രഹിത സമനില സമ്മതിച്ചു. മെസ്സിക്ക് രണ്ട് ഫ്രീകിക്കുകള്‍ ഗോള്‍മുഖത്ത് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
എം.എല്‍.എസ് പ്ലേഓഫില്‍ പ്രവേശിക്കാന്‍ മയാമിക്ക് നേരിയ സാധ്യതയേയുള്ളൂ. പ്ലേഓഫ് സ്ഥാനത്തിന് 11 പോയന്റ് പിന്നിലാണ് അവര്‍. 11 മത്സരങ്ങള്‍ അവശേഷിക്കെ പതിനാലാം സ്ഥാനത്താണ് മയാമി. ഒമ്പതാം സ്ഥാനത്തെങ്കിലുമെത്തിയാലേ പ്ലേഓഫ് സാധ്യതയുള്ളൂ.
മെസ്സി ടീമിലെത്തിയ ശേഷം ഒമ്പതു കളികളും മയാമി ജയിച്ചിരുന്നു. 11 ഗോളടിച്ചു. മൂന്നു കളികളില്‍ ഒന്നിലേറെ ഗോള്‍ നേടി. മെസ്സി ടീമിലെത്തുമ്പോള്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സിലെ 15 ടീമുകളില്‍ ഏറ്റവും പിന്നിലായിരുന്നു മയാമി. ലീഗ്‌സ് കപ്പിലാണ് മെസ്സി ആദ്യ ഏഴ് മത്സരങ്ങള്‍ കളിച്ചത്. ഏഴും ജയിച്ച് കിരീടം നേടി. യു.എസ് ഓപണ്‍ കപ്പില്‍ സെമിയും ജയിച്ചു.
നാഷ്‌വൈലിനെതിരെ ആദ്യ മണിക്കൂറില്‍ മയാമിക്ക് ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനായില്ല. അറുപത്തൊന്നാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഫ്രീകിക്ക്. 83ാം മിനിറ്റില്‍ ലഭിച്ച രണ്ടാം ഫ്രീകിക്ക് പ്രതിരോധ മതില്‍ കടന്നില്ല. 10 പേരെ പ്രതിരോധച്ചുമതലയേല്‍പിച്ചാണ് നാഷ്‌വൈല്‍ കളിച്ചത്.






