പാരിസ് - ഫ്രഞ്ചുകാരനായ മുന്‍ കോച്ച് റെജിസ് ദെ കമാറകകെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി തുനീഷ്യയുടെ മുന്‍ പ്രൊഫഷനല്‍ ടെന്നിസ് താരം സലീമ സഫര്‍. പന്ത്രണ്ടാം വയസ്സ് മുതല്‍ തന്നെ പതിവായി കമാറെ ബലാല്‍സംഗം ചെയ്തിരുന്നുവെന്ന് നാല്‍പത്താറുകാരി വെളിപ്പെടുത്തി.
പന്ത്രണ്ടര വയസ്സുള്ളപ്പോള്‍ തുടങ്ങിയ ലൈംഗികാക്രമണം മൂന്നു വര്‍ഷത്തോളം തുടര്‍ന്നുവെന്ന് സെലീമ ഫ്രഞ്ച് പത്രം എല്‍എക്വിപ്പെയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ സെയ്ന്റ് ട്രോപസിലെ ട്രയ്‌നിംഗ് ക്യാമ്പില്‍ ബലാല്‍സംഗം ചെയ്തതിന് 2014 ല്‍ കമാറെ 10 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
ബോര്‍ദൊ എയര്‍പോര്‍ടില്‍ തന്നെ സ്വീകരിക്കാനെത്തിയ ശേഷം കാറില്‍ വെച്ചായിരുന്നു ആദ്യം മാനഭംഗം ചെയ്തതെന്ന് സെലീമ വെളിപ്പെടുത്തി. അനങ്ങാനാവാത്ത വിധം ഞാന്‍ തളര്‍ന്നു പോയി. വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ മുകളിലെ ബെഡ്‌റൂമിലുണ്ടായിരുന്നു. എന്നാല്‍ എനിക്കനുവദിച്ചത് താഴെ നിലയിലെ സോഫയായിരുന്നു. ഉറക്കത്തില്‍ വീണ്ടും എന്നെ തഴുകുകയും മാനഭംഗം ചെയ്യുകയും ചെയ്തു. 25 വര്‍ഷം വേണ്ടി വന്നു ഇത് ബലാല്‍ക്കാരമാണെന്ന് സ്വയം വിശ്വസിപ്പിക്കാന്‍. തുറന്നു പറയാന്‍ 35 വര്‍ഷവും. കമാറെക്കെതിരെ പരാതി നല്‍കാന്‍ ധൈര്യം കാട്ടിയ മുന്‍ ഫ്രഞ്ച് ദേശീയ ചാമ്പ്യന്‍ ഇസബെല്‍ ഡെമന്‍ജിയോയില്‍ നിന്നാണ് തുറന്നുപറയാനുള്ള പ്രചോദനം ലഭിച്ചതെന്ന് സെലീമ വിശദീകരിച്ചു. കമാറെയുടെ വിചാരണ നടക്കുന്ന കാലത്ത് താന്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസത്തോളം ഒരേയിരുപ്പില്‍ കരഞ്ഞിട്ടുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളുമാണ് തന്നെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ടെന്നിസ് കരിയറില്‍ ഓരോ തവണ വിജയത്തോടടുക്കുമ്പോഴും താന്‍ മരവിച്ചു പോകുമായിരുന്നുവെന്നും സെലീമ പറഞ്ഞു.
1993 മുതല്‍ 2008 വരെ പ്രൊഫഷനല്‍ ടെന്നിസില്‍ സജീവമായിരുന്ന സെലീമ 2001 ല്‍ ആദ്യ 100 റാങ്കിലെത്തിയിരുന്നു.






