മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന തമിഴ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യ വേഷത്തിലാണ് രവീണ രവി ക്യാമറക്കു മുന്നിലെത്തിയത്. ഫഹദ് അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യയായി ഒരു ഡയലോഗ് പോലും പറയാതെയുള്ള കഥാപാത്രം. എന്നാൽ ആ നിശ്ശബ്ദ കഥാപാത്രത്തെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു. ജാതിവെറി കൊണ്ട് ഭ്രാന്തനായി മാറുന്ന രത്നവേലിനെ മുറിയിൽ അടച്ചിടാൻ പോലും ധൈര്യം കാണിക്കുന്നുണ്ട് അവൾ. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഭയപ്പാടോടെ ജീവിക്കേണ്ടിവരുന്ന സ്ത്രീ ജീവിതത്തിന്റെ പ്രതീകമാണവൾ. ശബ്ദം കൊണ്ടു മാത്രമല്ല, അഭിനയത്തിലും തന്റേതായ ഇടം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഈ കലാകാരി.
രവീണയെ നിങ്ങളറിയും. മലയാളികൾക്ക് ഏറെ പരിചിതമായ മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമെല്ലാമായ ശ്രീജ രവിയുടെ മകളാണ് രവീണ. അമ്മയെപ്പോലെ ഡബ്ബിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന രവീണ മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലാകെ നിറഞ്ഞുനിൽക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. ഭാസ്കർ ദ റാസ്കലിൽ നയൻതാരക്കും ഐമിയിൽ എമി ജാക്സനും മാസ്റ്ററിൽ മാളവികക്കും ജയ് ഭീമിൽ രജിഷ വിജയനുമെല്ലാം ശബ്ദം നൽകിയത് രവീണയാണ്. ഡബ്ബിംഗ് രംഗത്ത് മാത്രമല്ല, അഭിനയ രംഗത്തും സജീവമാകുന്ന രവീണ മലയാളം ന്യൂസിനോടു മനസ്സ് തുറന്നപ്പോൾ...
?ഡബ്ബിംഗ് രംഗത്തെത്തിയത്
രണ്ടു വയസ്സുള്ളപ്പോൾ മുതൽ മൈക്കിനു മുന്നിൽ വന്നു നിന്നതാണ്. നാലു വയസ്സായപ്പോഴേക്കും ഒട്ടേറെ പരസ്യ ചിത്രങ്ങൾക്ക് ശബ്ദം നൽകിക്കഴിഞ്ഞിരുന്നു. കുട്ടിക്കാലത്ത് അച്ഛനും അമ്മയുമായിരുന്നു ഡബ്ബിംഗ് രംഗത്തെ വഴികാട്ടികൾ. അവരാണ് എങ്ങനെ സംസാരിക്കേണ്ടതെന്ന് പഠിപ്പിച്ചുതന്നത്. അത് ആവർത്തിച്ച് പറയുകയായിരുന്നു. അമ്മമ്മ കണ്ണൂർ നാരായണിയും അമ്മയും ഞാനും മൂന്നു തലമുറയായി ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. ശരിക്കും ഇതൊരു കുലത്തൊഴിൽ പോലെയായി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്ന കാലത്താണ് ഡബ്ബിംഗിൽ നിന്നും വഴിമാറിനടന്നത്. പഠനത്തിന് വലിയ പ്രാധാന്യമായിരുന്നു അച്ഛനും അമ്മയും നൽകിയത്. പഠിച്ചത് ബാങ്കിംഗാണെങ്കിലും ബാങ്കിലെ ജോലി ഇഷ്ടമായിരുന്നില്ല. ഡബ്ബിംഗിലൂടെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് അഭിനയിച്ചുകൂടെ, ഡബ്ബിംഗിനേക്കാൾ എളുപ്പമല്ലേ എന്ന് ചില സംവിധായകർ ചോദിക്കുന്നത്. തുടർന്നാണ് അഭിനയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. അഭിനയത്തിൽ മൂന്നു മാസത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു. അഭിനയ വഴിയിലെ ഒട്ടേറെ കാര്യങ്ങൾ അവിടെനിന്നും പഠിക്കാൻ കഴിഞ്ഞു.
?മാമന്നനിലെത്തിയത്
മാമന്നനിലേക്കു വിളിക്കുമ്പോൾ തന്നെ ഡയലോഗ് ഇല്ലെന്ന കാര്യം പറഞ്ഞിരുന്നു. അതിൽ കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. വലിയൊരു ബാനറിന്റെ ഭാഗമാകുന്നതു തന്നെ വലിയ ഭാഗ്യമല്ലേ എന്നായിരുന്നു ചിന്ത. പതിനഞ്ച് ദിവസത്തെ ഷൂട്ടുണ്ടാകുമെന്നും പറഞ്ഞു. എന്നാൽ ഒടുവിലാണ് ഫഹദിന്റെ ഭാര്യയാണെന്നു പറയുന്നത്. അതാണ് എന്നെ ഏറെ ആഹ്ലാദിപ്പിച്ചത്. ഡയലോഗ് ഇല്ലെങ്കിലും കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്നു പറഞ്ഞിരുന്നു.
സെറ്റിലെത്തിയപ്പോൾ ആദ്യ ദിവസം നല്ല പേടിയുണ്ടായിരുന്നു. സംവിധായകനാണ് പ്രോത്സാഹനം നൽകി കൂളാക്കി നിർത്തിയത്. പിന്നീട് ഫഹദ് സാർ എത്തിയപ്പോൾ അദ്ദേഹം എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ഫാസിൽ സാറിന്റെ ചിത്രങ്ങളിൽ അമ്മ ഡബ്ബ് ചെയ്ത കാര്യങ്ങൾ പറഞ്ഞു. ശാലിനിക്കെല്ലാം ഡബ്ബ് ചെയ്തത് അമ്മയായിരുന്നു. പിന്നീട് ഞങ്ങൾ നല്ല കൂട്ടായി. സെറ്റിലെ ഓരോ ദിവസവും നല്ല അനുഭവങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്.
?ചിത്രം പുറത്തിറങ്ങിയപ്പോൾ എന്തു തോന്നി
സിനിമ കണ്ടപ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു. അഭിനയിച്ച സീനുകൾ എല്ലാം ചിത്രത്തിൽ ഇല്ലാതിരുന്നതാണ് കാരണം. എന്നാൽ ഉള്ള സീനുകളെല്ലാം ഗംഭീരമായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നിട്ടും ഡയലോഗുകൾ ഇല്ലല്ലോ എന്നതായിരുന്നു പലരുടെയും കമന്റ്. ചിത്രം ഒ.ടി.ടിയിൽ വന്നതോടെയാണ് കമന്റുകൾക്ക് മാറ്റം വന്നത്. ഡയലോഗ് ഇല്ലാതെ തന്നെ നല്ല പെർഫോർമൻസാണല്ലോ എന്നും നിങ്ങൾ നല്ല ജോഡികളാണെന്നുമെല്ലാമായി സംസാരം. തമിഴ്നാട്ടിൽ ചിത്രത്തിന് നല്ല വരവേൽപാണ് ലഭിച്ചത്.
?അഭിനയത്തിൽ ഡയലോഗുകൾ നിർബന്ധമാണോ.
നിർബന്ധമില്ലെങ്കിലും മുഖത്തും കണ്ണിലും ഭാവത്തിലുമെല്ലാം അഭിനയം വരണമെങ്കിൽ ഡയലോഗ് ഉള്ളത് നല്ലതാണ്. കൂടെ അഭിനയിക്കുന്നവരുടെ ഭാവങ്ങൾ കണ്ട് പ്രതികരിക്കുന്നതും അത് കണ്ണിലൂടെ കാണിക്കുന്നതുമെല്ലാം പാടാണ്. ഒരു ഡയലോഗുമില്ലാതെ എക്സ്പ്രസ് ചെയ്യേണ്ടിവരുന്നതിലും വിഷമമുണ്ടാകും. പ്രത്യേകിച്ചും ഫഹദ് സാറിനെപ്പോലെയുള്ള ഒരാളോടൊപ്പം അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. അദ്ദേഹം കണ്ണിലൂടെ അഭിനയിക്കുന്ന നടനാണെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായ ജ്യോതിലക്ഷ്മി ശരിക്കും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു.
?ഡബ്ബിംഗാണോ അഭിനയമാണോ ഏറെയിഷ്ടം
രണ്ടും ഇഷ്ടമാണ്. ഡബ്ബിംഗ് തുടങ്ങിയതിനു ശേഷം ഇതിനകം തന്നെ നൂറോളം അഭിനേത്രികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. മൊത്തത്തിൽ ഇരുന്നൂറോളം ചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുമുണ്ട്. കൂടാതെ പല ഭാഷകളിലുള്ള സിനിമകൾക്കും പരസ്യങ്ങൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ സംവിധായകർ നേരിട്ട് ക്ഷണിക്കാറില്ല. നിരവധി പേരുടെ വോയ്സ് ടെസ്റ്റ് നടത്തിയാണ് സെലക്ട് ചെയ്യുന്നത്. അങ്ങനെ സെലക്ഷൻ ലഭിക്കുകയെന്നത് വലിയ കാര്യമാണ്. അഭിനയത്തിന്റെ കാര്യത്തിൽ തമിഴിൽ ഏഴു ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മലയാളത്തിലെ ആദ്യചിത്രം നിത്യഹരിത നായകനാണ്. എല്ലാ ചിത്രങ്ങളിലും എന്റെ ശബ്ദം തന്നെയാണ് നൽകിയത്.
?അഭിനയത്തിൽ സജീവമാകാനാണോ താൽപര്യം.
ഡബ്ബിംഗിനിടയിലാണ് ഓഫറുകൾ വന്നു തുടങ്ങിയത്. അക്കാലത്ത് ആത്മവിശ്വാസം കുറവായിരുന്നു. ഒരേ മേഖലയായതിനാൽ ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി. തമിഴിലായിരുന്നു തുടക്കം. 2017 ലായിരുന്നു ആദ്യ ചിത്രം പുറത്തിറങ്ങിയത്. ഏഴോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. തുടർന്നാണ് മലയാളത്തിലെത്തുന്നത്. നിത്യഹരിത നായകനു ശേഷം ഇപ്പോൾ നവാഗതനായ ജോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ നായികയായി.






