ലണ്ടന്‍ - ഇംഗ്ലണ്ടിലെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരുടെ സംഘടന പി.എഫ്.എയുടെ വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളന്റ് പ്ലയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെയും ആസ്റ്റണ്‍വില്ലയുടെയും കളിക്കാരി റെയ്ചല്‍ ഡാലിയാണ് മികച്ച വനിതാ താരം.
സിറ്റിക്കു വേണ്ടിയുള്ള അരങ്ങേറ്റ സീസണില്‍ ഹാളന്റ് 52 ഗോളടിച്ചിരുന്നു. സിറ്റി ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് ചാമ്പ്യന്മാരാവുകയും ചെയ്തു. സിറ്റിയുടെ തന്നെ കെവിന്‍ ഡിബ്രൂയ്‌നെ, ജോണ്‍ സ്‌റ്റോണ്‍സ്, ആഴ്‌സനലിന്റെ ബുകായൊ സാക്ക, മാര്‍ടിന്‍ ഓഡെഗാഡ്, ടോട്ടനം ക്യാപ്റ്റനായിരുന്ന ഹാരി കെയ്ന്‍ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. സാക്ക മികച്ച യുവ താരമായി. ചെല്‍സിയുടെ ലോറന്‍ ജെയിംസാണ് മികച്ച യുവ വനിതാ കളിക്കാരി. ഡാലിയും ലോറനും ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന അംഗങ്ങളായിരുന്നു. ലെഫ്റ്റ്ബാക്ക് പൊസിഷനില്‍ കളിച്ചിട്ടും വനിതാ സൂപ്പര്‍ ലീഗില്‍ ഡാലി 22 ഗോളടിച്ചിരുന്നു. സാം കെര്‍, ഫ്രിദ മാനം, ഗുരൊ റെയ്തന്‍, ഖദീജ ഷാ, ഓന ബാറ്റില്‍ എന്നിവരും മികച്ച വനിതാ താരമായി പരിഗണിക്കപ്പെട്ടിരുന്നു.






