റിയാദ് - അമേരിക്കന്‍ മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ലീഗായ പ്രൊഫഷനല്‍ ഫൈറ്റേഴ്‌സ് ലീഗില്‍ (പി.എഫ്.എല്‍) സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തം. സൗദി പുതുതായി രൂപം കൊടുത്ത എസ്.ആര്‍.ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ആദ്യ കരാറാണ് ഇത്. 10 കോടി ഡോളറിന്റേതാണ് കരാറെന്ന് കരുതുന്നു. എസ്.ആര്‍.ജെ ചെയര്‍മാന്‍ ബന്ദര്‍ ബിന്‍ മുഖരിനാണ് കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
സൗദിയിലെയും അറബ് മേഖലയിലെയും പ്രതിഭകളെ വളര്‍ത്തിയെടുക്കു, സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുക, പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പി.എഫ്.എല്ലുമായി കരാറൊപ്പിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 2014 ല്‍ ഡെസേട് ഫോഴ്‌സ് കോംപറ്റീഷന്‍ സംഘടിപ്പിച്ചാണ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ സൗദി സജീവമായി ഇറങ്ങിയത്. അതിനു ശേഷം സൗദിയിലും അറബ് മേഖലയിലും ഈ സ്‌പോര്‍ട്‌സിന് പ്രചാരം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച സൗദി എം.എം.എ താരങ്ങളായ അബ്ദുല്ല അല്‍ഖഹ്താനിയും മുസ്തഫ റാഷിദ് നിദയും ന്യൂയോര്‍ക്ക് മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയിരുന്നു.
അടുത്ത വര്‍ഷം പി.എഫ്.എല്‍ റീജിയനല്‍ ലീഗിന് സൗദി ആതിഥ്യം വഹിക്കും.






