ചെന്നൈ - അസര്‍ബയ്ജാനിലെ ബാകുവില്‍ നടന്ന ചെസ് ലോകകപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ യുവ ചെസ് താരം രമേശ്ബാബു പ്രജ്ഞാനന്ദക്ക് ജന്മനാടായ തമിഴ്‌നാട്ടില്‍ വന്‍വരവേല്‍പ്. പ്രജ്ഞാനന്ദയെയും അമ്മയെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ചെസ് പ്രതിഭയെ സ്വീകരിക്കാന്‍ തമിഴ്‌നാടിന്റെ സ്‌പോര്‍ട്‌സ് പ്രതിനിധികള്‍ എത്തി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നോര്‍വെയുടെ മാഗനസ് കാള്‍സനോട് പതിനെട്ടുകാരന്‍ ടൈബ്രേക്കറിലാണ് കീഴടങ്ങിയത്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് പ്രജ്ഞാനന്ദ. ഇതിഹാസ താരം ഗാരി കാസ്പറോവ് ഉള്‍പ്പെടെ ചെസ് പ്രതിഭകള്‍ പ്രജ്ഞാനന്ദയുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.
ചെന്നൈ വിമാനത്താവളത്തില്‍ താരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. താരത്തെ തുറന്ന കാറില്‍ ആനയിച്ചു.
ബാങ്ക് ജീവനക്കാരന്റെ മകനാണ് പ്രജ്ഞാനന്ദ. അമ്മ നാഗലക്ഷ്മിയാണ് ചെസ് ടൂര്‍ണമെന്റുകളില്‍ മകനെ അനുഗമിക്കുന്നതും അവന് എവിടെയും ഇഷ്ടവിഭവമായ ചോറും സാമ്പാറും രസവും പാചകം ചെയ്യുന്നതും. നാലാം വയസ്സ് മുതല്‍ പ്രജ്ഞാനന്ദ ചെസ് കളിക്കുന്നുണ്ട്. 12 വയസ്സും 10 മാസവുമുള്ളപ്പോഴാണ് ഗ്രാന്റ്മാസ്റ്ററായത്. ചെസ് ഗ്രാന്റ്മാസ്റ്ററാവുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായിരുന്നു അന്ന് പ്രജ്ഞാനന്ദ. പത്താം വയസ്സില്‍ ഇന്റര്‍നാഷനല്‍ മാസ്റ്ററായത് ലോക റെക്കോര്‍ഡും. പത്തു വര്‍ഷം മുമ്പ് വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായപ്പോള്‍ ലഭിച്ചതിനു സമാനമായ സ്‌നേഹത്തോടെയാണ് ചെന്നൈ പ്രജ്ഞാനന്ദയെ വരവേറ്റതെന്ന് സഹോദരിയും ചെസ് താരവുമായ വൈശാലി അഭിപ്രായപ്പെട്ടു.
നാലാം വയസ്സ് മുതല്‍ പത്താം വയസ് വരെ എസ് ത്യാഗരാജനായിരുന്നു പ്രജ്ഞാനന്ദയുടെ കോച്ച്. ദിവസവും 10 മുതല്‍ ഏഴ് വരെ തന്റെ കൂടെ ചെലവിടുന്ന കഠിനാധ്വാനിയാണ് കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. പാഠം കഴിഞ്ഞാല്‍ മൂന്നു മണിക്കൂറോളം താല്‍പര്യത്തോടെ ഹോം വര്‍ക്ക് ചെയ്യും -അദ്ദേഹം പറഞ്ഞു.






