ഏഷ്യാ കപ്പ് തുടങ്ങുന്നു, നേപ്പാള്‍ ചില്ലറക്കാരല്ല

പാക്കിസ്ഥാന്‍ x നേപ്പാള്‍
ഉച്ച 12.30


മുള്‍ത്താന്‍ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ പാക്കിസ്ഥാന് ബുധനാഴ്ച അരങ്ങേറ്റക്കാരായ നേപ്പാളിന്റെ വെല്ലുവിളി. പാക്കിസ്ഥാനെ അവരുടെ തട്ടകത്തില്‍ വിറപ്പിക്കാനുള്ള കോപ്പൊന്നും നേപ്പാളിനില്ല. പക്ഷെ പാക്കിസ്ഥാനാണ് ടീം, പഴത്തൊലിയില്‍ ചവിട്ടി വീഴുന്ന പതിവുണ്ട്. നേപ്പാളിനാവട്ടെ തോറ്റാലും ഏഷ്യാ കപ്പില്‍ കളിക്കുന്നത് നേട്ടമാണ്. 
ഏപ്രില്‍-മെയ് മാസങ്ങൡലായി പത്തു ടീമുകള്‍ പങ്കെടുത്ത പ്രീമിയര്‍ കപ്പില്‍ ചാമ്പ്യന്മാരായാണ് നേപ്പാള്‍ ഏഷ്യാ കപ്പിന് ബെര്‍ത്തുറപ്പിച്ചത്. മുമ്പ് ഏഷ്യാ കപ്പില്‍ കളിച്ച യു.എ.ഇയും ഹോങ്കോംഗും പോലുള്ള ടീമുകളെ അവര്‍ മറികടന്നു. അതിനു മുമ്പ് 12 ഏകദിനങ്ങളില്‍ പതിനൊന്നും ജയിച്ചാണ് യോഗ്യതാ ടൂര്‍ണമെന്റില്‍ അവര്‍ സ്ഥാനം പിടിച്ചത്. 2018 ല്‍ മാത്രം ഏകദിന പദവി നേടിയ നേപ്പാള്‍ ഇപ്പോള്‍ ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ്. 2027 ലോകകപ്പില്‍ 14 ടീമുകള്‍ പങ്കെടുക്കുമെന്നിരിക്കെ കൂടുതല്‍ ഉയരങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പ് അവര്‍ക്ക് ആ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. 
ആദ്യ മൂന്നു ബാറ്റര്‍മാരെ അമിതമായി ആശ്രയിച്ച പാക്കിസ്ഥാന്‍ ടീം മികച്ച മധ്യനിരയെ വളര്‍ത്തിയെടുത്താണ് ലോകകപ്പിന് കച്ച മുറുക്കുന്നത്. ആഗാ സല്‍മാന്റെ മികവ് അവരുടെ ബാറ്റിംഗിന് ആഴം നല്‍കുന്നു.  
ഓള്‍റൗണ്ടര്‍മാരുടെ പരമ്പരയുണ്ട് പാക്കിസ്ഥാന്‍ ടീമില്‍. ഫഹീം അശ്‌റഫിനെയോ മുഹമ്മദ് നവാസിനെയോ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. മുഹമ്മദ് വസീമിനെ കളിപ്പിക്കണമെങ്കില്‍ രണ്ടു പേരെയും തഴയണം. മുള്‍ത്താനില്‍ സ്പിന്നനുകൂലമായിരിക്കും പിച്ച്. കടുത്ത ചൂടാണ് പ്രദേശത്ത്. 
ഫുള്‍ മെമ്പര്‍ ടീമിനെതിരെ മൂന്ന് ഏകദിനങ്ങളേ നേപ്പാള്‍ കളിച്ചിട്ടുള്ളൂ -അയര്‍ലന്റ്, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരെ ഓരോ കളികള്‍. എന്നാല്‍ ഇപ്പോഴത്തെ ലോകകപ്പ് ചക്രത്തില്‍ പാക്കിസ്ഥാനെക്കാള്‍ ഏകദിനങ്ങള്‍ അവര്‍ കളിച്ചിട്ടുണ്ട്. 

Latest News