ലോകകപ്പ് ടീം: ഇന്ത്യ ആശയക്കുഴപ്പത്തില്‍ 

മുള്‍ത്താന്‍ -നെറ്റ്‌സില്‍ മിന്നുന്ന ഫോമിലാണെങ്കിലും കെ.എല്‍ രാഹുലിനെ ലോകകപ്പ് ടീമിലുള്‍പെടുത്താനാവുമോയെന്ന ആശങ്കയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കണം. ഏഷ്യാ കപ്പിലെ രണ്ട് മത്സരങ്ങള്‍ക്കു ശേഷം ടീമിനെ പ്രഖ്യാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പരിക്കു കാരണം ആ കളികളില്‍ രാഹുല്‍ ഉണ്ടാവില്ല. മെയ് ആദ്യമാണ് അവസാനം ഒരു മത്സരത്തില്‍ രാഹുല്‍ പങ്കെടുത്തത്. 
ബംഗളൂരുവിലെ ക്യാമ്പിന്റെ അവസാന ദിനം രാഹുല്‍ 35 മിനിറ്റോളം ബാറ്റ് ചെയ്യുകയും പെയ്‌സും സ്പിന്നും നേരിടുകയും ചെയ്തിരുന്നു. മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ വിക്കറ്റ് കാത്തില്ല. 
പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെ ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാക്കിസ്ഥാനിലെ മുള്‍ത്താനില്‍ തുടക്കമാവുകയാണ്. കെ.എല്‍ രാഹുല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനും നേപ്പാളിനുമെതിരെ കളിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ശ്രീലങ്കയിലെ പള്ളിക്കലെയില്‍ ശനിയാഴ്ച പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടു ദിവസത്തിനു ശേഷം നേപ്പാളിനെ നേരിടും. ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാക്കിസ്ഥാനാണെങ്കിലും നാലു മത്സരങ്ങളേ അവിടെ നടക്കൂ. ഫൈനലുള്‍പ്പെടെ ബാക്കി ഒമ്പത് കളികള്‍ ശ്രീലങ്കയിലാണ്. 
മെയ് ആദ്യം ഐ.പി.എല്ലിന്റെ തുടക്കത്തില്‍ പരിക്കേറ്റതു മുതല്‍ ചികിത്സയിലായിരുന്ന രാഹുല്‍ പൂര്‍ണ ഫിറ്റ്‌നസ് നേടിയെങ്കിലും മറ്റൊരു ചെറിയ പരിക്കാണ് ഇപ്പോള്‍ തടസ്സമാവുന്നത്. ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അവസാന ഒരുക്കമാണ് ഏഷ്യാ കപ്പ്. 
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ഫോര്‍ ഘട്ടം ആരംഭിക്കുന്നതിന് മുമ്പ് രാഹുലിന്റെ കായികക്ഷമത വീണ്ടും പരിശോധിക്കുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. രാഹുലിന്റെ അഭാവത്തില്‍ ഇശാന്‍ കിഷന്‍ വിക്കറ്റ് കാക്കും. റിസര്‍വായി സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്. 
രാഹുലിനെ കൂടാതെ ഇന്ത്യന്‍ ടീം ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. ടീം ആറു ദിവസമായി ബംഗളൂരുവിനടുത്ത ആളൂരില്‍ പരിശീലനത്തിലായിരുന്നു. രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിസിയോകള്‍ക്കൊപ്പം വ്യായാമം തുടരും. തിങ്കളാഴ്ച രാഹുല്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാവും. ശ്രേയസ് അയ്യരും ദീര്‍ഘകാലം വിട്ടുനിന്ന ശേഷം ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 


 

Latest News