കൊല്‍ക്കത്ത - രണ്ട് ഗോളിന് പിന്നിലാവുകയും ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ സമനില നേടുകയും ചെയ്ത ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിന്റെ വായില്‍ നിന്ന് വിജയം തട്ടിയെടുത്തു. 2-2 സമനിലയില്‍ അവസാനിച്ച ശേഷം ഷൂട്ടൗട്ടിലാണ് ഈസ്റ്റ്ബംഗാള്‍ 5-3 വിജയം നേടിയത്. 19 വര്‍ഷത്തിനു ശേഷമാണ് അവര്‍ ഡ്യൂറന്റ് കപ്പിന്റെ ഫൈനലിലെത്തുന്നത്. മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും എഫ്.സി ഗോവയും തമ്മിലുള്ള സെമിഫൈനലിലെ വിജയികളുമായി അവര്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ആദ്യ ഫൈനലിന്റെ പടിവാതില്‍ക്കലെത്തിയ ശേഷം പരാജയപ്പെട്ടത് നോര്‍ത്ഈസ്റ്റിന് കനത്ത നിരാശയായി.
നോര്‍ത്ഈസ്റ്റ് രണ്ട് ഗോള്‍ ലീഡ് കളഞ്ഞുകുളിക്കുകയായിരുന്നു. ഇരുപത്തിരണ്ടാം മിനിറ്റില്‍ മിഷേല്‍ സബാക്കോയാണ് ഹെഡറിലൂടെ നോര്‍ത്ഈസ്റ്റിന് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് ഈസ്റ്റ്ബംഗാള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളവസരങ്ങളൊരുക്കാന്‍ അവര്‍ക്കായില്ല. ആദ്യ ഗോളിന് അവസരമൊരുക്കിയ ഫാല്‍ഗുനി അമ്പത്തേഴാം മിനിറ്റില് മനോഹരമായ ഇടങ്കാലനടിയോടെ ലീഡുയര്‍ത്തി. എഴുപത്തേഴാം മിനിറ്റില്‍ സെല്‍ഫ് ഗോളാണ് ഈസ്റ്റ്ബംഗാളിന് കളിയില്‍ തിരിച്ചുവരാന്‍ മാര്‍ഗം സൃഷ്ടിച്ചത്. നവോറെം മഹേഷിന്റെ ഷോട്ട് ദിനേശിന്റെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് വലയില്‍ കയറുകയായിരുന്നു.
ഇഞ്ചുറി ടൈമില്‍ സബാക്കൊ ചുവപ്പ് കാര്‍ഡ് കണ്ടത് നോര്‍ത്ഈസ്റ്റിന് തിരിച്ചടിയായി. ഒരു മിനിറ്റിനകം നന്ദകുമാര്‍ ശേഖര്‍ ഈസ്റ്റ്ബംഗാളിന്റെ സമനില ഗോള്‍ കണ്ടെത്തി. ഷൂട്ടൗട്ടില്‍ നോര്‍ത്ഈസ്റ്റിന്റെ പാര്‍ഥിബിന്റെ ഷോട്ട് ഗോളി പ്രബ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.






