ന്യൂയോര്‍ക്ക് - ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യു.എസ് ഓപണ്‍ ടെന്നിസിന് വന്‍ അട്ടിമറിയോടെ തുടക്കം. പുരുഷ നാലാം സീഡ് ഹോള്‍ഗര്‍ റൂണെയെ അറുപത്തിമൂന്നാം റാങ്കുകാരനായ സ്‌പെയിനിന്റെ കരാബയേസ് ബേന 6-3, 4-6, 6-3, 6-2 ന് തോല്‍പിച്ചു. ആദ്യമായാണ് ടോപ് ടെന്നിലുള്ള ഒരു കളിക്കാരനെ ബേന കീഴടക്കുന്നത്. ഇരുപതുകാരനായ റൂണെ വിംബിള്‍ഡണിലും ഫ്രഞ്ച് ഓപണിലും ക്വാര്‍ട്ടര്‍ഫൈനലിലെത്തിയിരുന്നു.
2017 ലെ വനിതാ ചാമ്പ്യന്‍ സ്ലോന്‍ സ്റ്റീഫന്‍സാണ് വനിതാ വിഭാഗത്തില്‍ പുറത്തായ പ്രമുഖ താരം. അമേരിക്കക്കാരി 2-6, 7-5, 4-6 ന് പത്തൊമ്പതാം സീഡ് ബിയാട്രിസ് ഹദ്ദാദ് മിയയോട് തോറ്റു. എട്ടാം സീഡ് മരിയ സക്കാരിയെ സ്‌പെയിനിന്റെ റെബേക്ക മസറോവ തോല്‍പിച്ചു.
ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്, കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ എലേന റിബാകീന, കഴിഞ്ഞ വര്‍ഷം സെമിയിലെത്തിയ പുരുഷ പത്താം സീഡ് ഫ്രാന്‍സിസ് തിയാഫു, 2020 ലെ ചാമ്പ്യന്‍ ഡൊമിനിക് തിയേം എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. നാലര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ചൈനയുടെ ഷിഷന്‍ ഷാംഗ് 7-5, 7-5, 6-7 (5-7), 4-6, 6-3 ന് അമേരിക്കയുടെ ജെ.ജെ വുള്‍ഫിനെ മറികടന്നു.






