ഇത്തിഹാദ് ജയത്തില്‍ ബെന്‍സീമക്ക് പരിക്ക്

മക്ക - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അല്‍വഹ്ദക്കെതിരായ എവേ മത്സരത്തിലെ ജയത്തിനിടെ അല്‍ഇത്തിഹാദിന്റെ സൂപ്പര്‍താരം കരീം ബെന്‍സീമക്ക് പരിക്ക്. കിംഗ് അബ്ദുല്‍അസീസ് സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 നാണ് ഇത്തിഹാദ് ജയിച്ചത്. നാലു കളികളില്‍ ചാമ്പ്യന്മാരുടെ നാലാം ജയമാണ് ഇത്. ഹോം മത്സരത്തില്‍ അല്‍ഇത്തിഫാഖിനെ 2-0 ന് തോല്‍പിച്ച അല്‍ഹിലാല്‍ തൊട്ടുപിന്നിലുണ്ട്. 
ഇടവേളക്ക് അല്‍പം മുമ്പ് ബെന്‍സീമ പരിക്കേറ്റ് പിന്മാറിയ ശേഷമായിരുന്നു ഇത്തിഹാദ് മൂന്നു ഗോളുമടിച്ചത്. അല്‍ഹിലാലുമായുള്ള സൗദി ഉറ്റുനോക്കുന്ന പോരാട്ടത്തിന് നാലു ദിവസം ശേഷിക്കെ ബെന്‍സീമക്ക് പരിക്കേറ്റത് ഏറെ ആശങ്കയുയര്‍ത്തി. ഹെഡറിനായി ശ്രമിക്കവെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. മസില്‍ വേദനയെന്ന് അറിയിച്ച ക്ലബ്ബ് എത്ര ദിവസം വിട്ടുനില്‍ക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയില്ല. റൊമാരിഞ്ഞൊ (63ാം മിനിറ്റ്), ജോട (67), ഇഗോര്‍ കോറനാഡൊ (73) എന്നിവര്‍ സ്‌കോര്‍ ചെയ്യുന്നത് ബെന്‍സീമ റിസര്‍വ് ബെഞ്ചിലിരുന്ന്് വീക്ഷിച്ചു. 
സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന ഇത്തിഫാഖിനെതിരെ ബ്രസീല്‍ താരം മാല്‍ക്കവും (24) സാലിം അല്‍ദോസരിയുമാണ് (41) ഹിലാലിന്റെ ഗോളടിച്ചത്. അല്‍ഹിലാലിനു വേണ്ടി ഗോളി യാസീന്‍ ബൂനുവും സെന്‍ട്രല്‍ ഡിഫന്റര്‍ ഖാലിദു കൂലിബാലിയും ആദ്യമായി സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചു.
 

Latest News