പ്രവാസവും ഇന്ത്യൻ മഹാസമുദ്രവും:അബുദാബിയിൽ ചർച്ച സംഘടിപ്പിച്ചു

അബുദാബി- അബുദാബി കേരള സോഷ്യൽ സെന്റർ 'പ്രവാസവും ഇന്ത്യൻ മഹാസമുദ്രവും' എന്ന വിഷയത്തിൽ ചുറ്റുവട്ടം പരിപാടിയിൽ സാഹിത്യ ചർച്ച നടത്തി. ചർച്ചയിൽ ഡോ. അബ്ദുൽ ലത്തീഫ്, മുസഫർ അഹമ്മദ് എന്നിവർ വിഷയമവതിപ്പിച്ച് സംസാരിച്ചു. 
ഇന്ത്യൻ മഹാസമുദ്രവും മലബാറും എന്ന മഹമൂദ് കൂരിയയുടെ പുസ്തകത്തിന്റെ വിവർത്തകനാണ് ഡോ. അബ്ദുൽ ലത്തീഫ്. പുസ്തകത്തിന്റെ ഉള്ളടക്കം അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയുമായി വിവിധങ്ങളായ സാംസ്‌കാരിക വിനിമയങ്ങൾ നടന്നിട്ടുണ്ടെന്നും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള കടലിനപ്പുറമുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇന്ത്യക്കാർക്ക് സാംസ്‌കാരിക അനുഭവങ്ങൾ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തിലെ അതേ സാമഗ്രികൾ, വസ്തുക്കൾ, മരങ്ങൾ, നാമങ്ങൾ എല്ലാം ഈ പ്രദേശങ്ങളിൽ സുപരിചിതമായി കാണാൻ കഴിയുന്നു. ഓലയും, കള്ള് ചെത്തുമൊക്കെ അവിടെയും കാണുന്നു. ഇതൊക്കെ കേരളത്തിലേക്ക് വന്നത് ഉത്തരാഫ്രിക്കയിൽ നിന്നാണെന്ന് വേണം കരുതാൻ. കേരളവുമായി ബന്ധപ്പെട്ട രേഖകൾ 50 ലോക ഭാഷകളിലായി ചിതറി കിടപ്പുണ്ടെന്നാണ് മഹമൂദ് കൂരിയ പറയുന്നത്. പോർച്ചുഗലിലെ ലൈബ്രറികളിൽ മലയാളവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് ബോഷറുകൾ ഉണ്ട്. ഇങ്ങനെ കേരളത്തിന്റെ ചരിത്രം വിവിധ ഭാഷകളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതേസമയം നമ്മുടെ ചരിത്ര പഠനങ്ങൾ മുന്നോ നാലോ ഭാഷകളിൽ അടിസ്ഥാനപ്പെടുത്തി മാത്രമാണ് നടക്കുന്നത്. 
കേട്ടതിനേക്കാൾ കൂടുതൽ കേൾക്കാനിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മിസ്‌കാൽ പള്ളി, അടിമത്തത്തിൽ മോചിതനായ അടിമ തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചിലവാക്കി നിർമിച്ചതാണ്. ഈ അടിമയെ പുറം രാജ്യത്ത് നിന്നെവിടെ നിന്നോ വാങ്ങി കൊണ്ടുവന്നതാണ്. 
മിസ്‌കാൽ എന്നത് ഏതോ പുറം രാജ്യത്തിന്റെ നാണയമാണ്. ഇങ്ങനെ ദേശാന്തരങ്ങളിലൂടെയുള്ള പ്രവാസ മനുഷ്യവർഗത്തിന്റെ സഞ്ചാര ചരിത്രം വിവിധ രാജ്യങ്ങളിൽ ചരിത്ര രേഖകളിൽ ഉറങ്ങികിടപ്പുണ്ടെന്നും, കലർപ്പില്ലാത്ത ഒരു മനുഷ്യനും ലോകത്തെവിടെയും ജീവിച്ചിരിപ്പില്ലെന്നും ഇന്ത്യൻ മഹാസമുദ്രവും മലബാറും എന്ന പുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്ത ഡോ. അബ്ദുൽ ലത്തീഫ് പറഞ്ഞു.
സഞ്ചാര സാഹിത്യകാരൻ വി. മുസഫർ അഹമ്മദ് ചടങ്ങിൽ സംസാരിച്ചു. പ്രവാസത്തിന്റെ ചരിത്രം പ്രവാസികൾ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു വരെയും അതിനുള്ള ശ്രമം എവിടേയും നടന്നിട്ടില്ലെന്നും അതിനുള്ള ശ്രമം ഇനിയെങ്കിലും ഉണ്ടെന്നും ഗൾഫ് പ്രവാസികളെ അദ്ദേഹം ഓർമിപ്പിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷനായി. സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് അലി സ്വാഗതവും കലാവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ബാദുഷ നന്ദിയും രേഖപ്പെടുത്തി.

Tags

Latest News